സംസ്ഥാനത്ത് വ്യാവസായിക വിപ്ലവത്തിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും

കോഴിക്കോട്: സംസ്ഥാനത്ത് സുഗമമായ വ്യവസായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍. എല്‍ ഡി എഫ് സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ നയത്തിന്റെ കരട് ചര്‍ച്ചയ്ക്കുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ മലബാറിലെ നാല് ജില്ലകളില്‍ നിന്നുളള വ്യാവസായ പ്രതിനിധികള്‍ പങ്കെടുത്തു.

കേരള വ്യവസായ വാണിജ്യ നയം 2017 രൂപീകരിക്കുന്നതിന് മുന്നോടിയായാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് കരട് രേഖ ചര്‍ച്ച ചെയ്തത്. വ്യവസായ വാണിജ്യ രംഗത്തെ നൂറിലധികം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യവസായം തുടങ്ങാനുളള ബുദ്ധിമുട്ടും മലിനീകരണ പ്രശ്‌നവും, ലൈസന്‍സ് ലഭിക്കാനുളള കാലതാമസവും ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

കരട് സംബന്ധിച്ച് തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതടക്കമുളള കാര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ ചടങ്ങളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായങ്ങള്‍ തുടങ്ങാനുളള പശ്ചാത്തല സൗകര്യം ഉറപ്പ് വരുത്താനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, പരമ്പരാഗത വ്യവസായ രംഗത്തുളളവര്‍ എന്നിവരുമായും നയരൂപീകരണത്തന് മമ്പ് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, വി കെ സി മമ്മദ് കോയ എം എല്‍ എ, കെ എസ് ഐ ഡി സി എം ഡി എം ബീന, കിന്‍ഫ്ര എം ഡി കെ സന്തോഷ് കുമാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ എം സതീഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News