ജനരോഷം അടങ്ങുന്നില്ല; ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ പരക്കെ ആക്രമണം; പൊലീസ് സുരക്ഷ ശക്തമാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ തുടങ്ങിയ താരത്തിനെതിരായ ജനരോഷം അടങ്ങുന്നില്ല. ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ പൊതുജനങ്ങള്‍ പരക്കെ ആക്രമണം അഴിച്ചുവിടുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് എന്ന സ്ഥാപനം ഇന്നലെ രാത്രി തന്നെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു.

രാത്രി വൈകി കോഴിക്കോട്ടെ ദേ പുട്ട് എന്ന സ്ഥാനപനത്തിന് നേരെയും ആക്രമണം അരങ്ങേറി. പ്രതിഷേധം പ്രതീക്ഷിച്ച പൊലീസ് കടയടപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ കല്ലേറു നടത്തി. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ കോംപ്ലെക്‌സായ ഡി സിനിമാസിനെ നേരെയും പ്രതിഷേധം അറങ്ങേറി.

ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ വന്‍ തോതില്‍ പ്രതിഷേധം നടന്നു. ഡിവൈഎഫ്‌ഐ , യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ദിലീപിന്റെ കോലം കത്തിച്ചു.
ഇന്ന് രാവിലെ ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി പുറത്തിറക്കിയപ്പോഴും പൊതുജനങ്ങള്‍ കൂക്കിവിളിച്ചാണ് സ്വീകരിച്ചത്. ദിലീപിനെ ഹാജരാക്കിയ അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു.

കാട്ടുകള്ളന്‍ ജയിലിലേക്ക് എന്ന് പോലും ജനങ്ങള്‍ വിളിച്ചുപറഞ്ഞു. സഹപ്രവര്‍ത്തകയ്‌ക്കെതിരെ ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ എങ്ങനെ സാധിച്ചെന്നും പലരും വിളിച്ചു ചോദിക്കുകയായിരുന്നു. അതേസമയം ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News