എപ്പോള്‍ അമ്മയാകണം?;തീരുമാനിക്കാന്‍ സ്ത്രീകള്‍ക്കു കഴിയണം; പ്രജനനാരോഗ്യം സ്ത്രീകളുടെ അവകാശമാണ്; ഇന്ന് ലോക ജനസംഖ്യാദിനം

1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി തികഞ്ഞു. ജനസംഖ്യാവളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ’89 മുതല്‍ ജൂലൈ 11ന് ലോക ജനസംഖ്യാദിനമായി ലോകമെമ്പാടും ആചരിച്ചുവരുന്നു. എല്ലാ വര്‍ഷവും ലോക ജനസംഖ്യാദിനത്തിന് ഐക്യരാഷ്ട്രസംഘടന ഒരു പ്രതിപാദ്യവിഷയം അവതരിപ്പിക്കാറുണ്ട്. കുടുംബാസൂത്രണം, ജനശാക്തീകരണം, വികസനം എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യവിഷയം.

ഇന്ത്യ യുവാക്കളുടെ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. 2021ല്‍ 50 കോടിയിലധികംപേരും 25 വയസ്സിനുതാഴെയുള്ളവരായിരിക്കും. അതായത്, വളര്‍ന്നുവരുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് വൈദഗ്ധ്യവികസനത്തിനും തൊഴിലവസരത്തിനും ഉതകുന്ന രീതിയിലുള്ള അടിസ്ഥാനവിദ്യാഭ്യാസം ലഭ്യമാക്കേണ്ടതാണ്. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യവികസന റിപ്പോര്‍ട്ട് (2013) പ്രകാരം ലിംഗസമത്വസൂചികയില്‍, 187 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 132-ാമതാണ്. നമ്മുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ 123-ാമതും ശ്രീലങ്ക 75-ാമതും നേപ്പാള്‍ 102-ാമതും ബംഗ്ളാദേശ് 111-ാം സ്ഥാനത്തുമാണെന്ന് കാണാം.

ഇന്ത്യയുടെ ഈ മോശം പ്രകടനത്തിന് പല കാരണങ്ങളാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന കുറഞ്ഞ സ്ത്രീ-പുരുഷാനുപാതം, 1000 പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍. അതിലും ദയനീയമായത് കുട്ടികളുടെ ലിംഗാനുപാതമാണ്. 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികളാണുള്ളത്. പെണ്‍ ഭ്രൂണഹത്യയാണ് ഇതിനൊരു പ്രധാന കാരണമെന്നും പഠനം കാണിക്കുന്നു. 15 വയസ്സിനുമുകളിലുള്ള പുരുഷന്മാരില്‍ 54 ശതമാനത്തോളംപേര്‍ വിവിധതരം തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളില്‍ 26 ശതമാനംപേര്‍മാത്രമേ തൊഴിലെടുക്കുന്നുള്ളൂ. കേരളത്തില്‍ ഇത് പുരുഷന്മാരില്‍ 53 ശതമാനവും സ്ത്രീകളില്‍ വെറും 18 ശതമാനവുമാണ്.

ഇരുപത്തഞ്ചുവയസ്സ് തികഞ്ഞവരില്‍ 50.4 ശതമാനം പുരുഷന്മാര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരാണ്. സ്ത്രീകളില്‍ 27 ശതമാനംപേര്‍മാത്രം. അമേരിക്കയില്‍ സ്ത്രീകളില്‍ 94.7 ശതമാനവും പുരുഷന്മാരില്‍ 94.3 ശതമാനവും പേര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ഉള്ളവരാണ്. ചൈനയില്‍ ഇത്് പുരുഷന്മാരില്‍ 70.4  ശതമാനവും സ്ത്രീകളില്‍ 54.8 ശതമാനവുമാണെന്ന് കാണാം.

നമ്മുടെ രാജ്യത്തെ പാര്‍പ്പിടസൌകര്യം പരിശോധിച്ചാല്‍ (2011) വെറും 53 ശതമാനം മാത്രമാണ് മെച്ചപ്പെട്ട ഭവനങ്ങളായി കാണുന്നുള്ളൂ. കേരളത്തില്‍ ഇത് 66 ശതമാനവും. വീട്ടുപരിസരത്ത് ശുദ്ധജലം ലഭിക്കുന്നത് വെറും 47 ശതമാനംപേര്‍ക്കാണ്. കേരളത്തില്‍ ഇത് 78 ശതമാനവും. രാജ്യത്ത് 67 ശതമാനം ഭവനങ്ങളില്‍മാത്രമേ വൈദ്യുതി ലഭിക്കുന്നുള്ളൂ. കേരളത്തില്‍ ഇത് 94 ശതമാനം. പാചകത്തിന് എല്‍പിജി ഉപയോഗിക്കുന്നത് വെറും 29 ശതമാനംപേര്‍. കേരളത്തില്‍ 36 ശതമാനം. ഇന്ത്യയില്‍ 47 ശതമാനം ഭവനങ്ങളില്‍മാത്രമാണ് ശൌചാലയമുള്ളത്. കേരളത്തില്‍ 95 ശതമാനത്തിലധികം വീടുകളിലും ഈ സൌകര്യമുണ്ട്.
മൊത്തത്തില്‍ നമ്മുടെ രാജ്യം സാമ്പത്തികമായി മുന്നേറുന്നുണ്ടെങ്കിലും മനുഷ്യവികസന സൂചികകളില്‍ പ്രകടമായ പുരോഗതി കാണുന്നില്ല. അതായത്, രാജ്യത്ത് സാമ്പത്തിക അസമത്വവും ലിംഗ അസമത്വവും ജാതീയമായ വേര്‍തിരിവുകളും ഇന്നും പ്രധാനപ്രശ്നമായി നിലനില്‍ക്കുന്നു എന്നും കാണാം.

തദ്ദേശസ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കായുള്ള 50 ശതമാനം സംവരണം അവരുടെ രാഷ്ട്രീയപങ്കാളിത്തത്തിന്റെ വര്‍ധനയ്ക്ക് കാരണമായി. എന്നാല്‍, ലജിസ്ളേറ്റീവ് അസംബ്ളികളിലും പാര്‍ലമെന്റിലും സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. 16-ാം ലോക്സഭയില്‍ വനിതകള്‍ 61 പേര്‍മാത്രം (11.2 ശതമാനം). രാജ്യസഭയില്‍ ഇത് 11.8 ശതമാനവും കേരള നിയമസഭയില്‍ സ്ത്രീകള്‍ എട്ടുപേര്‍മാത്രം (5.7 ശതമാനം).

നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം 2008ല്‍ സ്ത്രീകള്‍ക്കെതിരെ 1,95,856 കുറ്റകൃത്യങ്ങള്‍ എന്നത് 2012ല്‍ 2,44,270 ആയി വര്‍ധിച്ചു. വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് സ്ത്രീശാക്തീകരണ തടസ്സവുമായി നിലനില്‍ക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഇന്ന് നമ്മുടെ രാജ്യത്ത് സ്ത്രീശാക്തീകരണത്തിനുവേണ്ട മാര്‍ഗരേഖ ഉണ്ടെങ്കിലും ലക്ഷ്യത്തിലെത്താന്‍ മൈലുകള്‍ താണ്ടേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം ഭാവിയില്‍ തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

കുടുംബാസൂത്രണമാര്‍ഗങ്ങളുടെ ലഭ്യത സ്ത്രീകളുടെയും കുട്ടികളുടെയും മാത്രമല്ല, സമൂഹത്തിനും മെച്ചപ്പെട്ട ആരോഗ്യം പ്രദാനംചെയ്യും. നല്ല കുടുംബാരോഗ്യം, സ്ത്രീശാക്തീകരണത്തെയും വിദ്യാഭ്യാസത്തെയും സാമ്പത്തികസമത്വത്തെയും ത്വരിതപ്പെടുത്തുന്നതാണ്. കുടുംബാസൂത്രണം ദമ്പതിമാര്‍ക്ക് എപ്പോള്‍, എത്ര കുട്ടികള്‍ വേണമെന്ന തീരുമാനത്തിനുമാത്രമല്ല അതിന്റെ മേന്മ മറ്റ് മേഖലകളിലും പ്രതിഫലിക്കുന്നതാണ്.

ദശാബ്ദങ്ങളായി രാജ്യത്തെ കുടുംബാസൂത്രണപദ്ധതി ജനസംഖ്യാനിയന്ത്രണത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നതെങ്കില്‍ അടുത്ത കാലത്തായി പ്രജനനാരോഗ്യം, പ്രജനനാരോഗ്യ അവകാശം എന്നീ കാര്യങ്ങളിലേക്ക് ചുവടുമാറ്റി തുടങ്ങിയതായി കാണാം. ഈ സാഹചര്യത്തിലും നമ്മെ പിന്നോട്ടടിക്കുന്നത് പല കാരണങ്ങളാണ്. ദേശീയ  കുടുംബാരോഗ്യസര്‍വേപ്രകാരം 15നും 45നും മധ്യേ പ്രായമുള്ള സ്ത്രീകളില്‍ 48 ശതമാനംപേര്‍മാത്രമേ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ.

മാത്രമല്ല, നല്ലൊരു ശതമാനം സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പ്രാപ്യമല്ലാത്ത അവസ്ഥയോ അല്ലെങ്കില്‍ അവയെക്കുറിച്ചുള്ള ശരിയായ അറിവോ ഇല്ലെന്നും പഠനം കാണിക്കുന്നു. 2030ഓടെ എല്ലാവര്‍ക്കും കുടുംബാസൂത്രണമാര്‍ഗങ്ങള്‍ ലഭ്യമാകുക എന്ന സുസ്ഥിര വികസനലക്ഷ്യങ്ങളിലൊന്ന് കൈവരിക്കേണ്ടത് ഇന്ത്യക്കും ബാധകമാണ്.

വികസിതരാജ്യങ്ങളില്‍ സ്ത്രീശാക്തീകരണം അതിവേഗത്തില്‍ നടക്കുന്നതായി കാണാം. ഗര്‍ഭനിരോധന ഗുളികകളുടെ ലഭ്യതയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ വനിതകള്‍ക്ക് എപ്പോള്‍ അമ്മയാകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം കൈവരിക്കാന്‍ സാധിച്ചു.
വികസ്വരരാജ്യങ്ങളില്‍ ഏതാണ്ട് 222 ദശലക്ഷം സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള താല്‍പ്പര്യമുണ്ടെങ്കിലും അവര്‍ക്ക് അത് ലഭ്യമാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ജനസംഖ്യയില്‍ അഞ്ചാമത് നില്‍ക്കുന്ന ബ്രസീലിന്റെ ജനസംഖ്യയേക്കാളും കൂടുതലാണിത്. ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ പ്രാപ്യത ഉറപ്പുവരുത്താതെ എത്ര പദ്ധതികള്‍ നടപ്പാക്കിയാലും സ്ത്രീശാക്തീകരണം പൂര്‍ണത കൈവരിക്കില്ല. അതുകൊണ്ട് സ്ത്രീശാക്തീകരണ പ്രക്രിയകളെ കുടുംബാസൂത്രണമാര്‍ഗങ്ങളുമായി സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

പി മോഹനചന്ദ്രന്‍ നായര്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here