മകളെ വേദനിപ്പിച്ച മകനെ വേണ്ടെന്ന് ‘അമ്മ’; ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കി; നടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ‘അമ്മ’

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ദിലീപിനെ പുറത്താക്കിയത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമെന്നും അമ്മ അറിയിച്ചു.

കടവന്ത്രയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമാ പ്രതിനിധികളുടെ നിര്‍ണായക യോഗം നടന്നത്. അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.

വാര്‍ത്താക്കുറിപ്പിലൂടെയാണ് അമ്മ ഇക്കാര്യം അറിയിച്ചത്. ”സംഘടനയിലെ ഒരംഗം ഗുരുതരമായ ഒരു കേസില്‍ ഉള്‍പ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാല്‍ അദ്ദേഹത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും മാത്രമല്ല, അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നു. സംഘടനയുടെ പിന്തുണ എന്നത്തേയും പോലെ ആക്രമിക്കപ്പെട്ട നടിക്കായിരിക്കും. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ദിനരാത്രങ്ങള്‍ പ്രവര്‍ത്തിച്ച കേരള പൊലീസിനും മന്ത്രിസഭയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തും.-വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തേ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന അമ്മയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസിലെ ഗൂഢാലോചനകുറ്റവുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായതോടെയാണ് താരത്തെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നിലപാടില്‍ അമ്മ എത്തിയത്.

നേരത്തെ ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. സഹപ്രവര്‍ത്തകയ്‌ക്കെതിരെ ഇത്തരത്തില്‍ ക്രൂരകൃത്യം നടത്തിയ ദിലീപിനെ ഒറു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സിനിമ സംഘടനകള്‍ കൈകൊണ്ടത്.

ദിലീപിനെതിരെ വ്യാപക പ്രതിഷേധമാണ് യുവ താരങ്ങളും ഉയര്‍ത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് യുവതാരം ആസിഫ് അലി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്നും ആസിഫ് അലി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News