‘ഇരയായ സഹോദരിക്കൊപ്പം’; ദിലീപിനെ തള്ളി മമ്മൂട്ടി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം താരസംഘടനയായ അമ്മ നിലകൊള്ളുമെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അമ്മയുടെ നിര്‍ണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയില്‍ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച് ചികഞ്ഞ് നോക്കാന്‍ കഴിയില്ലെന്നും ചിലരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും മമ്മൂട്ടി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. ഇനി അത്തരം പ്രസ്താവനകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ സംഘടനയുടെ ട്രഷറര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് അമ്മ ഇക്കാര്യം അറിയിച്ചത്.

സംഘടനയിലെ ഒരംഗം ഗുരുതരമായ ഒരു കേസില്‍ ഉള്‍പ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാല്‍ അദ്ദേഹത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും മാത്രമല്ല, അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നു. സംഘടനയുടെ പിന്തുണ എന്നത്തേയും പോലെ ആക്രമിക്കപ്പെട്ട നടിക്കായിരിക്കും. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ദിനരാത്രങ്ങള്‍ പ്രവര്‍ത്തിച്ച കേരള പൊലീസിനും മന്ത്രിസഭയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അമ്മ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here