ദിലീപ് അഴിക്കുള്ളില്‍; കൈവിട്ടു പോയ നൂറു കോടി

തിരുവനന്തപുരം: ദിലീപ് അഴിക്കുള്ളിലായതോടെ കോടികളുടെ നഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന നാല് ദിലീപ് ചിത്രങ്ങളില്‍ നിന്ന് മാത്രം ഏകദേശം നൂറ് കോടിയോളം രൂപയുടെ ബിസിനസാണ് മലയാള സിനിമ ഇന്‍ഡസ്ട്രി പ്രതീക്ഷിച്ചിരുന്നത്.

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന രാമലീലയാണ് റിലീസ് തീരുമാനിച്ചിരിക്കുന്ന ദിലീപ് ചിത്രം. ഏകദേശം 15 കോടി മുതല്‍ മുടക്കില്‍ ബിഗ് ബജറ്റിലൊരുനാണ് തീരുമാനിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായതോടെ ജനവികാരം ഭയന്ന് രാമലീലയുടെ റിലീസ് മാറ്റിവയ്ക്കാനാണ് സാധ്യത. ചിത്രം കൃത്യസമയത്ത് തിയേറ്ററിലെത്തിയില്ലെങ്കില്‍ ടോമിച്ചന് മാത്രം ഏകദേശം 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്.

പ്രീ പബ്ലിസിറ്റിയടക്കം 20 കോടിയോളം രൂപയാണ് രാമലീലക്കായി മുടക്കിയിരിക്കുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന കമ്മാരം സംഭവവും ബിഗ് ബജറ്റിലാണ് ഒരുക്കുന്നത് 13 കോടിയോളം രൂപ മുടക്കിയെടുക്കുന്ന കമ്മാരം സംഭവത്തിന്റെ ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രീകരണം മുടങ്ങുന്നതോടെ കോടികളുടെ നഷ്ടം ഗോകുലം മൂവീസിനും ഉണ്ടാകും. തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് അടക്കം വന്‍ താര നിരയാണ് കമ്മാരസംഭവത്തില്‍ അണിനിരന്നത്.

ത്രി ഡി സാങ്കേതിക വിദ്യയില്‍ വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഡിങ്കന്റെ ചിത്രീകരണവും പുരോഗമിക്കുന്നതിനിടെയാണ് നായകന്‍ ജയിലിലേക്ക് പോകുന്നത്. 20 കോടിക്കടുത്താണ് സനല്‍ തോട്ടം നിര്‍മ്മിക്കുന്ന ഡിങ്കന്റെ മുതല്‍ മുടക്ക്. ഇതേ കേസില്‍ തന്നെ സംശയനിഴലില്‍ നില്‍ക്കുന്ന നാദിര്‍ഷായുടെ പുതിയ പ്രോജക്ടിലും ദിലീപ് തന്നെയായിരുന്നു നായകന്‍. ദിലീപിന്റെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.

പണം മാത്രമല്ല, ഏതാനും നവാഗത സംവിധായകരുടെ സിനിമ സ്വപ്നങ്ങള്‍ കൂടിയാണ് തുലാസിലാവുന്നത്. രാമലീല നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. കമ്മാരസംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ടുമാണ്. പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഡിങ്കന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News