അൻ‍‍വര്‍ സാദത്തിലും നില്‍ക്കില്ല; പ്രമുഖ രാഷ്ട്രീയ നേതാവും കുടുങ്ങും; ദിലീപ് അകത്തായതോടെ അന്വേഷണം പുതിയ വഴിത്തിരിവില്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഇരുമ്പഴിക്കുള്ളിലായതോടെ അന്വേഷണം പുതിയ തലത്തിലേക്കാണ് കടക്കുന്നത്. ഗൂഢാലോചനകുറ്റം സംശയാസ്പദമായി പുറത്തുവന്നതോടെ അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് കൂടിയാണ് നീങ്ങുന്നത്. ദിലീപില്‍ ഒതുങ്ങുന്നതല്ല കേസിന്റെ ഉള്ളടക്കമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതനായ നേതാവിനും അദ്ദേഹത്തിന്റെ കൂട്ടാളിയായ എം എല്‍ എയ്ക്കും കേസില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ ജി ദിനേന്ദ്ര കശ്യപ് നേരിട്ടാണ് ഇക്കാര്യം അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ കേവലം വ്യക്തിവൈരാഗ്യം മാത്രമല്ല സാമ്പത്തിക ഇടപാടുകളും കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പുറത്തുപറയാത്ത നിര്‍ണായക ഘടകം.

ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് ആക്രമണകാരണമെന്ന് പുറത്തുപറയുന്ന പൊലീസ് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഇതിനകം നിര്‍ണായക കണ്ടെത്തലുകളിലെത്തിയിട്ടുണ്ടെന്നാണ് സൂചന.

ദിലീപിനെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയത് പ്രധാനമായും ഇതുമായി ബന്ധപ്പെട്ടാണ്. ഇന്നലെ രാവിലെ വിളിച്ചുവരുത്തിയ ദിലീപില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി നാട്ടുകാരെ അറിയിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപും സംവിധായകന്‍ നാദിര്‍ഷയും മാനേജര്‍ അപ്പുണ്ണിയും ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.
ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ണായക ഇടപെടലുകളും കേസന്വേഷണത്തില്‍ നിര്‍ണായകമായി. 900 പേജ് വരുന്ന മൊഴികള്‍ അദ്ദേഹം പൂര്‍ണമായും വായിച്ച് പരിശോധിച്ചു. സംശയാസ്പദമായ ചില മൊഴികള്‍ ശ്രദ്ധയില്‍ പെട്ടതോടെ ലോക്‌നാഥ് ബെഹ്‌റ ഐ.ജി ദിനേന്ദ്രകശ്യപിനെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തുകയായിരുന്നു. ദിലീപ് , സഹോദരന്‍ അനൂപ് ,അപ്പുണ്ണി എന്നിവരുടെ മൊഴികള്‍ വീണ്ടും പരിശോധിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാകുയായിരുന്നു.

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതോടെ ദിലീപിന്റെ അറസ്റ്റിന് താമസമുണ്ടായില്ല. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ നല്‍കിയതു ദിലീപാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ആദ്യം ലഭിക്കാതിരുന്ന അന്വേഷണസംഘം പിന്നീട് വ്യക്തമായ തെളിവ് ശേഖരണത്തിനുള്ള നീക്കത്തിലായിരുന്നു. ദിലീപിന്റെ ജയില്‍വാസം ഉറപ്പായതോടെ ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

ആലുവ എം എല്‍ എ അന്‍വര്‍ സാദത്തും ദിലീപും തമ്മിലുള്ള അടുത്ത ബന്ധം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ദിലീപിന്റെ ജന്മസ്ഥരം കൂടിയായ ആലുവയിലെ ജനപ്രതിനിധിയും താരവും തമ്മിലുള്ള ബിസിനസ് ബന്ധവും അന്വേഷണത്തിന്റെ പരിധിയിലാണ്. കേസില്‍ അന്‍വര്‍ സാദിത്തിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം തെളിയിക്കപ്പെടണം.
ദിലീപിനെ സംരക്ഷിക്കാന്‍ അന്‍വര്‍ സാദത്തിനെ സഹായിച്ച ഉന്നതനായ കോണ്‍ഗ്രസ് നേതാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം നീങ്ങുകയാണ്. സംസ്ഥാന കോണ്‍ഗ്രസിലെ തന്നെ ഉന്നതനായ വ്യക്തി ഇപ്പോള്‍ പ്രതിപക്ഷത്തിന്റെയാകെ നേതാവാണെന്നാണ് വ്യക്തമാകുന്നത്. ഗൂഢാലോചനയില്‍ പങ്കാളിയല്ലെങ്കിലും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ടുതന്നെ നേതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News