ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്ന് പൃഥ്വിരാജ്; നിലപാടില്‍ പൂര്‍ണ തൃപ്തിയെന്ന് രമ്യാ നമ്പീശന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ സംഘടനയിലെ ആരും എതിര്‍ത്തില്ലെന്ന് നടന്‍ പൃഥ്വിരാജ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

അതേസമയം, അമ്മയുടെ നിലപാടില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു. മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കം കൂടിയാണ് അമ്മയുടെ നടപടിയെന്നും രമ്യ പറഞ്ഞു. ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്ന് നടന്‍ ആസിഫ് അലിയും വ്യക്തമാക്കി.
ദിലീപിനെ താന്‍ ഒരു സഹോദരനെന്ന പോലെ താന്‍ വിശ്വാസിച്ചിരുന്നുവെന്നും അയാള്‍ ഒരു ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞു. ദിലീപിന് കേസില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നെന്നും മുകേഷ് പറഞ്ഞു. എന്നാല്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ദിലീപിന് പങ്കുണ്ടെന്ന അറിഞ്ഞപ്പോള്‍ അമ്മ അതിനെ അപലപിക്കുകയും ശക്തമായ തീരുമാനമെടുക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ ഒരു തരത്തിലും കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുകേഷ് വ്യക്തമാക്കി.

ആക്രമിക്കെപ്പെട്ട സംഭവം നടന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നടിയെ ഫോണില്‍ വിളിച്ചിരുന്നു. അന്വേഷണത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചു. ഒരു പരാതിയും ഇല്ലെന്നാണ് നടി പറഞ്ഞത്. നടിയുടെ അമ്മയും അതുതന്നെയാണ് പറഞ്ഞതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ സംഭവിച്ചതിന് താന്‍ ക്ഷമ ചോദിച്ചതാണെന്നും മുകേഷ് പറഞ്ഞു. ചോദിച്ച ചോദ്യങ്ങളാണ് അന്ന് വീണ്ടും പത്രപ്രവര്‍ത്തകര്‍ ചോദിച്ചത്. തുടര്‍ന്ന് അല്‍പം ശബ്ദമുയര്‍ത്തി സംസാരിക്കുക മാത്രമാണ് ചെയ്തത്. അത് തന്റെ അപക്വമായ നിലപാടായിരുന്നെന്നും മുകേഷ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here