അനന്തമായ അക്കങ്ങളുളള ബാങ്ക് ബാലന്‍സുളളവന്‍ ഇന്ന് മൂന്നക്കത്തിലേക്ക് ചുരുങ്ങി; ഗോപാലകൃഷ്ണന്‍ നമ്പര്‍ 523

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ദിലീപിന്റെ ഒരു സിനിമയുടെ പേരാണ്. എന്നാല്‍ ദിലീപിനെ ഇപ്പോള്‍ വെല്‍കം ചെയ്തത് ആലുവ സബ്‌ജെയിലാണ്. ആലുവ പുഴയുടെ തീരത്താണ് ദിലീപിന്റെ വീടും സെന്‍ട്രല്‍ ജയിലും, ഇരുകരകളിലാണെന്ന് മാത്രം. ആലുവ പുഴയിലെ കാറ്റൊഴിച്ചാല്‍ ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവും താരജീവിതവും തമ്മില്‍ ഒരു സാമ്യവുമില്ല. ഇല്ലായ്മയില്‍ നിന്ന് അഭ്രപാളിയില്‍ വെട്ടിപ്പിടിച്ച താരസിംഹാസനത്തിനു പകരം ദിലീപിനിന്നുളളത് ആലുവ സബ്‌ജെയിലിലെ അലക്കുകല്ലാണ്. അതെ, ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപിലേക്ക് വളര്‍ന്ന ആ മനുഷ്യന്‍ ഇന്ന് വീണ്ടും ഗോപാലകൃഷ്ണന്‍ ആയിരിക്കുകയാണ്,നമ്പര്‍ 523 ഗോപാലകൃഷ്ണന്‍.

ജനപ്രിയ നായകന്‍ എന്ന വിശേഷണത്തിലേക്കു വളര്‍ന്ന ഗോപാലകൃഷ്ണന്‍ എന്ന ആലുവ ദേശക്കാരന്‍. അയല്‍വീട്ടിലെ പയ്യന്‍ എന്ന ഇമേജില്‍ നിന്നും സ്ലോമോഷന്‍ സ്‌റ്റൈലില്‍ നടന്നുകയറിയത് താരസിംഹാസനത്തിലേക്കായിരുന്നു. അതിമാനുഷിക കഥാപാത്രങ്ങളിലേക്കുള്ള വളര്‍ച്ചയില്‍ ദിലീപ് പിന്നിട്ട വഴികള്‍ ദുര്‍ഘടം പിടിച്ചതായിരുന്നു.

മലയാള സിനിമയിലെ നായകസങ്കല്പത്തിന്റെ ഒരു ലക്ഷണമില്ലാഞ്ഞിട്ടും മെലിഞ്ഞുണങ്ങിയ ഈ ചെറുപ്പക്കാരന്‍ സ്വപ്നം കണ്ടത് മലയാള സിനിമയിലെ സൂപ്പര്‍താര പരിവേഷമാണ്…ശബ്ദമെയ്വഴക്കത്തിലൂടെ ഗോപാലകൃഷ്ണന്‍ ആദ്യം ലക്ഷ്യം വച്ചത് കലാഭവന്‍ എന്ന സ്ഥാപനം..കലയോടുള്ള സ്‌നേഹത്തിനപ്പുറം കലാഭവന്‍ സിനിമയിലേക്കുള്ള വഴിയാകുമെന്നു ആ ചെറുപ്പക്കാരന്‍ ഉറച്ചിരുന്നു.പിന്നീട് കമലിന്റെ സഹസംവിധായകനായി. 1992 ഇല്‍എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ മുഖം കാണിച്ചു..സൈന്യത്തില്‍ കൂട്ടത്തിലൊരാളായി..മാനത്തെ കൊട്ടാരത്തിലൂടെ സിനിമാ രാജകുമാരനെ ജനം കണ്ടു…അവിടെ നിന്നും വിജയ സല്ലാപത്തിലേക്ക്.. മഞ്ജുവാരിയര്‍ എന്ന നായികയുടെയും ദിലീപ് എന്ന നായകന്റെയും തുടക്കം…പിന്നീട് മഞ്ജു നായികയായി ഈ പുഴയും കടന്നു,കുടമാറ്റം തുടങ്ങിയ ചിത്രങ്ങള്‍…വിജയങ്ങള്‍ ദിലീപിനെ തേടിയെത്തിയതല്ല..ദിലീപ് വിജയം തേടി ചെല്ലുകയായിരുന്നു..മഞ്ജുവാരിയര്‍ തന്നെ ഉദാഹരണം. മഞ്ജു വാരിയര്‍ എന്ന നായികക്ക് ചുറ്റും മലയാള സിനിമ വട്ടം ചുറ്റിയ സമയത്തു ആരുമറിയാതെ മഞ്ജുവിനെ സ്വന്തമാക്കി സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചു ദിലീപ്…പിന്നീടങ്ങോട്ട് ദിലീപിന്റെ വളര്‍ച്ച അപ്രതീക്ഷിതമായിരുന്നു..ദിലീപിന്റെ സുഹൃത്തുക്കള്‍ക്കുപോലും.

പഞ്ചാബി ഹൗസ്, ഉദയപുരം സുല്‍ത്താന്‍ പോലെയുള്ള നര്‍മ പ്രധാന കഥാപാത്രങ്ങളിലൂടെ കടന്നുപോയ ദിലീപ് ഇരുത്തം വന്ന നായകനായി തോന്നിച്ചത് ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്..കാവ്യാമാധവനായിരുന്നു നായികാ.

തെങ്കാശിപ്പട്ടണം, ജോക്കര്‍, ഈ പറക്കും തളിക, ഇഷ്ടം, കല്യാണരാമന്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരെ കൈയിലെടുത്തു ദിലീപ്.

കാവ്യക്കൊപ്പം മീശമാധവന്‍ എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നേടി ദിലീപ് മലയാള മുന്‍നിര നായകന്മാരിലേക്കു ഉയര്‍ത്തപ്പെട്ടു. ഒരുകാലത്ത് ദിലീപ് മഞ്ജു നായികാ നായകന്‍ കോമ്പിനേഷന്‍ ആയി ദിലീപും കാവ്യയും മാറുകയായിരുന്നു.

പിന്നീട് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ എന്ന പേരില്‍ സ്വന്തം നിര്‍മ്മാണകമ്പനിയിലൂടെ സിഐഡി മൂസ പുറത്തിറക്കി. പ്രേക്ഷകര്‍ ഏറെ രസിച്ച ഈ ചിത്രത്തിലൂടെ നായകന്‍ എന്ന നിര്‍മാതാവിന്റെ വളര്‍ച്ചയും കണ്ടു. പിന്നീട് കഥാവശേഷന്‍ പോലെയുള്ള ചിത്രങ്ങള്‍ ദിലീപ് ഏറ്റെടുത്തു. പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനായതോടെ ദിലീപ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കടുക്കുകയായിരുന്നു. സിനിമയ്‌ക്കൊപ്പം താരനിശകളില്‍ ദിലീപ് അവസാന വാക്കായി.

വ്യത്യസ്തത കഥാപാത്രങ്ങളിലേക്കുള്ള ദിലീപിന്റെ പരകായ പ്രവേശം സത്യത്തില്‍ ഒരു കൗശലക്കാരന്റെ ബുദ്ധിയായിരുന്നു. കുഞ്ഞിക്കൂനന്‍ തന്നെ ഉദാഹരണം. നായകന്മാര്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ ദിലീപിനെ തേടിയെത്തിത്തുടങ്ങി. ചാന്തുപൊട്ടിലെ കഥാപാത്രമായതും അങ്ങനെ. മേമ്പൊടിയായി നര്‍മം ഉണ്ടായിരുന്നു എവിടെയും. പെണ്‍വേഷം കെട്ടിയാടി മായാമോഹിനി എന്ന ചിത്രത്തിലൂടെ മലയാള സിനിമ കണ്ടിട്ടില്ലാത്ത മറ്റൊരു തന്ത്രം പരീക്ഷിച്ചു.


2006ല്‍ ലയണ്‍ എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍. ചുവടുമാറ്റി പരീക്ഷണനമായി ഡോണ്‍ എന്ന ചിത്രം. എന്നാല്‍ ചില തിരിച്ചടികളിലൂടെ വീണ്ടും പഴയ അഭിനയരീതിയിലേക്കു തിരിച്ചുവന്നു. ഇതിനിടയില്‍ സിനിമ വ്യവസായത്തിന്റെ എല്ലാ മേഖലയെയും കൈവെള്ളയിലാക്കിയ കൗശലക്കാരനായ വ്യവസായി കൂടിയായി ദിലീപ്.

ദിലീപിലെ സംഘാടകനും വളരുകയായിരുന്നു. അമ്മ എന്ന താരസംഘടനയ്ക്ക് ഫണ്ടുണ്ടാക്കാന്‍ മലയാളത്തിലെ താരനിരയെ മു!ഴുവന്‍ അണിനിരത്തി ഒരു സിനിമ ചെയ്യേണ്ടിയിരുന്നു. തൊട്ടാല്‍ കൈ പൊളളുന്ന ആ പ്രോജക്ട് ഏറ്റെടുക്കാന്‍ സര്‍വരും മടിച്ചു നിന്നപ്പോള്‍ ദിലീപിലെ ബുദ്ധിശാലി ആ അവസരം ഉപയോഗിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ട്വെന്റി ട്വെന്റി അങ്ങിനെ പിറന്നു.

പിന്നെ ദിലീപിനു മുന്നില്‍ എല്ലാം വഴി മാറി. നിര്‍മാതാവ്, തീയറ്റര്‍ ഉടമ, ഹോട്ടല്‍ വ്യവസായി, ഹൗസ് ബോട്ടുടമ എന്നിങ്ങനെ ദിലീപിന് പല പേരുകളായി വലിയ സാമ്രാജ്യമായി. 400 കോടിയുടെ സമ്പത്ത് കേരളത്തിനകത്തും പുറത്തും പരന്നു കിടക്കുന്നതായി ആളുകള്‍ അടക്കം പറഞ്ഞു.


അപ്പോഴൊക്കെയും കാവ്യാമാധവനൊപ്പം കേട്ട എല്ലാ ഗോസ്സിപ്പുകളെയും ദിലീപ് ചിരിച്ചു തള്ളി. വിവാഹിതയായ കാവ്യാ മാധവന്‍ തിരിച്ചു വന്നപ്പോഴും നായികായാക്കാന്‍ ദിലീപ് മടിച്ചില്ല. പപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയും വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെയും ആ ചങ്ങാത്തം സിനിമ ലോകത്തു വീണ്ടും ചര്‍ച്ചയായി. സംസ്ഥാന അവാര്‍ഡിനര്‍ഹമായതു ഈ ചിത്രത്തിലെ കഥാപാത്രമാണ്.

ദിലീപ് കാവ്യാ ഗോസ്സിപ്പിനിടയില്‍ ഇതേ കാരണത്താല്‍ ഭാര്യ മഞ്ജു വാരിയര്‍ ദിലീപുമായി വഴിപിരിയുന്നു. ദിലീപിന്റെ ജീവിതത്തില്‍ ഏറ്റ വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു അത്. പിന്നീടങ്ങോട്ട് ദിലീപിന്റെ പല ചിത്രങ്ങളും പരാജയപ്പെട്ടു.

ഇവിടെ തുടങ്ങുന്നു ഒരു പ്രതികാര കഥ.ഭാര്യയുമായുളള തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം ആക്രമണത്തിനിരയായ നടിയാണെന്ന് ദിലീപ് കരുതുന്നു.കാവ്യയുമായുളള ദിലീപിന്റെ അടുപ്പം മഞ്ജുവാര്യരിലെത്തിച്ചത് നടിയാണെന്ന് ദിലീപ് വിശ്വസിച്ചു.കാവ്യയുമൊത്തുളള സ്വകാര്യ നിമിഷങ്ങളിലൊന്നില്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് മഞ്ജു വിളിച്ച് പൊട്ടിത്തെറിച്ചത് ദിലീപിന്റെ മനസില്‍ കരടായി,നടി കണ്ണിലും.

2013ല്‍ ഹോട്ടല്‍ അബാദ് പ്ലാസയില്‍ അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും നടിയും നേരില്‍ കണ്ടു.വലിയ പൊട്ടിത്തെറിയായി.ഒടുവില്‍ താരങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നത്തിന് താത്കാലിക അറുതിയുണ്ടാവുന്നത്.അന്ന് ദിലീപ് മനസില്‍ വിചാരിച്ചതാണ് 2017ല്‍ നടപ്പാക്കിയ ക്വട്ടേഷന്‍.അന്ന് മറ്റൊരു താരത്തിന്റെ ഡ്രൈവറായി പള്‍സര്‍ സുനിയും ഹോട്ടലിലുണ്ടായിരുന്നു.ആദ്യ ഗൂഢാലോചന ഹോട്ടലില്‍ വച്ച് നടന്നു.

ഒന്നരക്കോടി രൂപ,ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്ഥാനം, പള്‍സര്‍ സുനിയെ എന്തും ചെയ്യിക്കാന്‍ ഇതു മാത്രം മതിയായിരുന്നു. രണ്ട് തവണ നടിയെ കുരുക്കാന്‍ പള്‍സര്‍ സുനി നടത്തിയ ശ്രമങ്ങള്‍ വിവിധ കാരണങ്ങളാല്‍ നടക്കാതെ പോയി.ഒടുവില്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിലെ തൃശ്ശൂരിലെ ലൊക്കേഷനില്‍ ഇരുവരും നേരില്‍ കണ്ടു. നടത്തുകയാണെങ്കില്‍ ഇപ്പോള്‍ നടത്തണം എന്നായിരുന്നു ദിലീപിന്റെ നിര്‍ദേശം. നടി വിവാഹിതയാകാന്‍ പോകുന്നു.തന്റെ ജീവിതം തകര്‍ത്ത പോലെ നടിയുടെ ജീവിതവും തകര്‍ക്കണമെന്നായിരുന്നു ദിലീപിന്റെ വാശി.

മൂന്നു മിനുട്ട് ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടത്, അതും ഒറിജിനല്‍ ദൃശ്യങ്ങള്‍. ഒരു പെണ്ണിന്റെ മാനത്തിന് ദിലീപ് വിലയിട്ടത് ഒന്നര കോടി രൂപ. പള്‍സര്‍ സുനി കാര്യം നടത്തി, ദൃശ്യങ്ങള്‍ കൈമാറി, ഒടുവില്‍ പിടിയിലുമായി.

പള്‍സര്‍ സുനി ജയിലലടക്കപ്പെട്ടതോടെ താന്‍ രക്ഷപ്പെട്ടുവെന്ന് ദിലീപ് കരുതി. എന്നാല്‍ കൂട്ടിലടക്കപ്പെട്ട പള്‍സര്‍ സുനി കാര്യങ്ങള്‍ കുഴപ്പിച്ചു. ജയിലില്‍ നിന്ന് ഫോണ്‍ ചെയ്ത് ദിലീപിലേക്കുളള വഴി തുറന്നു കൊടുത്തു പള്‍സര്‍ സുനി.

രണ്ടു ഘട്ടങ്ങളിലായി 25 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അവസാന നിമിഷം വരെ ദിലീപ് പിടിച്ചു നിന്നു.ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ജനപ്രിയ നായകന്‍ കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചു, ജയിലിലേക്കയക്കരുതെന്ന് തൊഴുതു പറഞ്ഞു.

ഒടുവില്‍ ഗോപാലകൃഷ്ണന്‍ സൈക്കിളോടിച്ച് നടന്ന മണ്ണില്‍ പ്രതിയായി സിനിമാതാരം ദിലീപ് നിന്നു. പ്രതികാരം നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച വാളയാര്‍ പരമശിവം ഇന്ന് അഴിപിടിച്ചു നില്‍ക്കുന്നു. ചൈനീസ് ഫുഡിനു പകരം ഉപ്പുമാവും പഴവും തിന്നുന്നു. ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ പിടിച്ചുപറിക്കാരുടെ ഒപ്പമാണ് ഉറങ്ങുന്നത്, നമ്പര്‍ 523 ആയി. ബാങ്ക് ബാലന്‍സിലെ അക്കങ്ങളൊക്കെ ഈ മൂന്നക്കത്തിലേക്ക് ചുരുങ്ങി. തന്റെ ഉയരം ഒരു സര്‍ക്കാരിനേക്കാളും പൊലീസിനേക്കാളും വലുതാണെന്ന തന്റെ പൊട്ട ബോധ്യത്തെ അയാള്‍ ഇപ്പോള്‍ ശപിക്കുന്നുണ്ടാവും, ആത്മാര്‍ത്ഥമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News