ദിലീപിനെ പൂട്ടിയത് ഇവര്‍; പ്രതികരിച്ച നടി; കൂടെ നിന്ന മഞ്ജു; മുഖം നോക്കാത്ത മുഖ്യമന്ത്രി; പഴുതുകളടച്ച പൊലീസ്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സൂപ്പര്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുമ്പോള്‍ ദിലീപിന്റെ ഭാവി കൂടിയാണ് ഇരുളിലാകുന്നത്. എപ്പോഴും ചിരിക്കുന്ന മുഖവും പൊടി തമാശകളുമായി ജനമനസ്സുകളിലേക്ക് നടന്നുകയറിയ ഗോപാലകൃഷ്ണന്‍ മലയാള സിനിമയിലെ ജനപ്രീയ നായകനെന്ന സ്വയം വിശേഷണത്തില്‍ നിന്ന് പ്രതിനായകനായി ഇരുമ്പഴിക്കുള്ളിലാകുകയായിരുന്നു.

ആരും തകര്‍ന്നുപോകുന്ന ആക്രമണത്തിലും തകരാതെ നിന്ന് കുറ്റവാളികള്‍ക്കെതിരെ പ്രതികരിച്ച നടി, പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൈപിടിച്ച് കൂടെ നിന്ന് പോരാട്ടം നയിച്ച മഞ്ജുവാര്യര്‍, എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, രഹസ്യസ്വഭാവം നിലനിര്‍ത്തി ആര്‍ക്കും ഒരു സൂചനയും നല്‍കാതെ പഴുതുകളടച്ച പൊലീസ് അന്വേഷണം എന്നിവയാണ് ദിലീപിന്റെ കാര്യത്തില്‍ നിര്‍ണായകമായത്.

നാലു മാസങ്ങള്‍ക്ക് മുമ്പ് കേരളം ഞെട്ടലോടെയാണ് കേരളം ആ വാര്‍ത്ത കേട്ടത്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയ പ്രമുഖ യുവനടി സ്വന്തം കാറില്‍ ആക്രമണത്തിനിരയായെന്ന വാര്‍ത്ത ഏവരെയും ഞെട്ടിച്ചു. ആരും തകര്‍ന്നുപോകുന്ന നിമിഷത്തില്‍ ആത്മധൈര്യം തിരിച്ചുപിടിച്ച നടി തന്നെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളം ഒരേമനസ്സാല്‍ ആ പെണ്‍കുട്ടിയുടെ പിന്നില്‍ അണിനിരക്കുകയായിരുന്നു. കുറ്റവാളികള്‍ ഉന്നതരാണെന്ന് വ്യക്തമാക്കിയ നടി പൊലീസിന് കൃത്യമായ വിവരങ്ങള്‍ നല്‍കിയതോടെയാണ് ഗൂഢാലോചന ചുരുളഴിഞ്ഞത്. അതിക്രമത്തിനിരയാകുന്നതോടെ ജീവിതം തകര്‍ന്ന് ആത്മഹത്യപോലും ചെയ്യുന്ന നിരവധി പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ് നടിയെന്നാണ് ഇപ്പോള്‍ ലോകം വിളിച്ചുപറയുന്നത്. ഒരു തെറ്റും ചെയ്യാത്ത താനല്ല തലതാഴ്‌ത്തേണ്ടതെന്നും കുറ്റവാളിയുണ്ടെ തലയാണ് സമൂഹത്തിന് മുന്നില്‍ താഴേണ്ടതെന്നും വിളിച്ചുപറഞ്ഞ ആ പെണ്‍കുട്ടി സമൂഹത്തിന് മികച്ച മാതൃക കൂടിയാണ്.


നടി ആക്രമിക്കപ്പെട്ട കേസ് സൂപ്പര്‍ ക്ലൈമാക്‌സിലെത്തിയപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യറുടെ നിലപാടിന്റെ വിജയം കൂടിയായി അത് വിശേഷിപ്പിക്കപ്പെടുകയാണ്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോടനയുണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജുവായിരുന്നു. നടിആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം താരസംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഘമത്തില്‍ മഞ്ജു ഇക്കാര്യം പരസ്യമായി പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നതും. നടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കൂടെനിന്ന മഞ്ജുവിന്റെ വിജയം കൂടിയാണ് ദിലീപിന്റെ പതനം. താരസംഘടനയെ വെല്ലുവിളിച്ചുകൊണ്ട് വനിതാ സംഘടനയുണ്ടാക്കിയതും മുഖ്യമന്ത്രിയെ കണ്ടതുമെല്ലാം ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ ഗൂഢാലോചന കുറ്റത്തിന് ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീണ് തിരിച്ചുവരാനാകാത്തവിധം തകര്‍ന്നപ്പോള്‍ അത് മഞ്ജുവിന്റെ പോരാട്ടം കൂടിയാണ് ഫലപ്രാപ്തിയിലെത്തിച്ചത്.


നടി ആക്രമിക്കപ്പെട്ട കേസിനു പിന്നില്‍ ഉന്നതരുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അന്വേഷണം ഒരിടത്തുമെത്തില്ലെന്നായിരുന്നു കേരളം ഒന്നടങ്കം പറഞ്ഞത്. കവലകളിലും ചായക്കടകളിലും കേസ് ഒത്തുതീര്‍പ്പിലെത്തുമെന്നായിരുന്നു സംസാരം. ദിലീപിന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോഴും കേരള ജനതയുടെ അഭിപ്രായം മറ്റൊന്നായിരുന്നില്ല. എന്നാല്‍ പ്രതി എത്ര ഉന്നതനായാലും കയ്യാമം വെയ്ക്കുമെന്ന് ഒരാള്‍ മാത്രം പറഞ്ഞുകൊണ്ടേയിരുന്നു. മറ്റാരുമല്ല കേരള ജനത ആവേശപൂര്‍വ്വം അധികാരത്തിലേറ്റിയ പിണറായി വിജയനെന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നു അത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന പിണറായിയുടെ ഉറച്ച തീരുമാനത്തിന്റെ ഫലം കൂടിയായിരുന്നു ദിലീപിന്റെ കയ്യില്‍ വീണ വിലങ്ങ്. മീന്‍ എത്ര വലിയ ഉന്നതനായാലും ജയിലറയ്ക്കുള്ളിലാകുമെന്ന പ്രഖ്യാപനം സാധ്യമായപ്പോള്‍ ഒരു ജനത മനസ്സറിഞ്ഞ് മുഖ്യമന്ത്രിക്ക് കൈയ്യടിക്കുന്നതും അതുകൊണ്ടാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു നായകനടനെ ജയിലലടയ്ക്കുമ്പോള്‍ അന്വേഷണം നടത്തിയ കേരള പൊലീസിന് അഭിനന്ദനപ്രവാഹം അവസാനിച്ചിട്ടില്ല. കേസിലെ ഗൂഢാലോചന വിഷയത്തില്‍ ആദ്യഘട്ടത്തില്‍ തന്ത്രപരമായ മൗനം സ്വീകരിച്ച അന്വേഷണ സംഘം ഗൂഢാലോചനാ അന്വേഷണത്തില്‍ രഹസ്യ സ്വഭാവം നിലനിറുത്തുകയായിരുന്നു. ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലാകുന്ന അവസാന നിമിഷം വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ രഹസ്യ സ്വഭാവം നിലനിറുത്താനും മറന്നില്ല. 2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതു മുതല്‍ കേസന്വേഷണത്തില്‍ സംസ്ഥാന പൊലീസ് കാട്ടിയ ആര്‍ജ്ജവം ശ്രദ്ധേയമായിരുന്നു.

സത്യം മുടിവെയ്ക്കാനാകാതെ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ ശരിയുടെ പക്ഷത്താണെന്ന് തെളിയിച്ചു. സംഭവം നടന്ന രാത്രിമുതല്‍ ഇന്നോളം അഹോരാത്രം വാര്‍ത്തകളുടെ പിന്നാലെ ഓടിയ മാധ്യമപ്രവര്‍ത്തകരുടെ ശ്രമങ്ങളും ദിലീപിനെ കാരാഗൃഹവാസത്തിലേക്ക് നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here