ഇത് പിണറായി സര്‍ക്കാര്‍; ‘കുറ്റം ചെയ്താല്‍ ഏത് വമ്പന്‍ സ്രാവും വീഴും’; കുറ്റവാളികള്‍ക്കൊപ്പമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇടതുസര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ദിലീപിന്റെ അറസ്റ്റിലൂടെ കേരളം കണ്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്ന് ആദ്യം മുതലേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നപ്പോഴും മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ ആര് അതിക്രമം നടത്തിയാലും ശിക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം കൂടിയാണ് ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴുന്നതിലൂടെ നടപ്പായത്.

കുറ്റവാളികള്‍ എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും ദിലീപിന്റെ അറസ്റ്റിലൂടെ വ്യക്തമായി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനമല്ല ഇടതുസര്‍ക്കാരിനുള്ളത്.

സ്ത്രീ പീഡന കേസുകളിലെ കുറ്റവാളികള്‍ക്കും സ്ത്രീകള്‍ക്ക് എതിരെ അക്രമം നടത്തുന്നവര്‍ക്കും ഒരു തരത്തിലുള്ള സംരക്ഷണവും ഈ സര്‍ക്കാര്‍ നല്‍കില്ല. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും പീഡന കേസ്സുകളെയു സമീപിച്ചത് തീര്‍ത്തും ലാഘവത്തോടെയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റേത്.

പെരുമ്പാവൂരിലെ ജിഷ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വരുക മാത്രമല്ല ചെയ്തത്, ജിഷയുടെ കുടുംബത്തിന് സഹായം നല്‍കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജിഷ കേസില്‍ എന്താണ് ചെയ്തതെന്ന് നാം കണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറഞ്ഞു നടന്ന ഉമ്മന്‍ചാണ്ടി കുറ്റാന്വേഷണത്തിലും ജിഷയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിലും പരാജയപെട്ടതും കേരളം കണ്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ കേസുകളില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ പൊലീസിനെ കൊണ്ട് കഴിഞ്ഞില്ല. യുഡിഎഫ് നേതാക്കളുടെ ഇടപെടല്‍ കാരണമാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയത്.

കൊല്ലത്ത് വനിതാ ചലച്ചിത്ര താരത്തെ വേദിയില്‍ അപമാനിച്ചത് കോണ്‍ഗ്രസ് എംപി പീതാംബരകുറുപ്പായിരുന്നു. നടി പരാതി നല്‍കിയിട്ടും കേസില്‍ ഒരു നടപടിയും ഉണ്ടായില്ല. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എ.പി അബ്ദുള്ളകുട്ടിക്കെതിരെ സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സരിത ബലാത്സംഗം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ട് ഒരു അന്വേഷണവും ഉണ്ടായില്ല എന്ന് നാം കണ്ടതാണ്. ആ കേസും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. പി.ടി തോമസിനെ പോലുള്ളവര്‍ ആ വിഷയത്തില്‍ മിണ്ടാന്‍ പോലും തയ്യാറായിട്ടില്ല.

സൂര്യനെല്ലി അടക്കമുള്ള ഒട്ടനവധി സ്ത്രീപീഡന /പെണ്‍വാണിഭ കേസുകളിലും മാറിമാറി വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പമല്ല എന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പൊലീസിന് മേല്‍ സമ്മര്‍ദ്ദമോ അനാവശ്യ നിയന്ത്രണമോ ഇല്ലാതെ സ്വതന്ത്രമായി കേസുകള്‍ അന്വേഷിക്കാന്‍ പൊലീസിന് കഴിയുന്നു എന്നത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വ്യക്തമായതാണ്.

ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ജിഷയുടെ ഘാതകനെ പിടികൂടിയതും ഇപ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനിമ രംഗത്തെ ഉന്നതനായ ദിലീപ് അറസ്റ്റിലായതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല എന്നതിന്റെ തെളിവാണ്. നടി ആക്രമിക്കപ്പെട്ട കേസ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍ എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here