‘ആ നീചനൊപ്പം ഇനി അഭിനയിക്കില്ല’; ദിലീപിനോടുള്ള രോഷം പ്രകടമാക്കി ആസിഫ് അലി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവള്‍ നേരിട്ട ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും ആസിഫ് പറഞ്ഞു. അമ്മ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്.

നീചന്‍ എന്നാണ് ആസിഫ് അലി ദിലീപിനെ വിശേഷിപ്പിച്ചത്. ‘ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടാവില്ല.’-ആസിഫ് പറയുന്നു.

സംഘടനയില്‍ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച് ചികഞ്ഞ് നോക്കാന്‍ കഴിയില്ലെന്നും ചിലരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും യോഗത്തിന് ശേഷം മമ്മൂട്ടി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. ഇനി അത്തരം പ്രസ്താവനകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ സംഘടനയിലെ ആരും എതിര്‍ത്തില്ലെന്ന് നടന്‍ പൃഥ്വിരാജ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അമ്മയുടെ നിലപാടില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു. മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കം കൂടിയാണ് അമ്മയുടെ നടപടിയെന്നും രമ്യ പറഞ്ഞു.

താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിയോക് എന്നിവയില്‍ നിന്നെല്ലാം ദിലീപിനെ പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News