‘ഇതിന് മലയാളികള്‍ മാപ്പ് പറയേണ്ടി വരും’; ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ് എംഎല്‍എ. ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇതിന് കേരളത്തിലെ ജനങ്ങള്‍ ക്ഷമ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എത്രയോ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നുണ്ട്. അപ്പോഴെന്നും സിന്ദാബാദ് വിളിക്കാന്‍ ആരെയും കണ്ടില്ലല്ലോ. നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണല്ലോ സിന്ദാബാദ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ദിലീപിനെതിരെ തെളിവില്ലന്ന് സെന്‍കുമാര്‍ പറഞ്ഞതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം. ഇത് കള്ള കേസാണ്. രാഷ്ട്രീയ കളിയാണ് അറസ്റ്റിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു.
അറസ്റ്റിന് പിന്നാലെ മലയാള സിനിമാ ലോകവും താരസംഘടനകളും ദിലീപിനെ തള്ളി രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടതില്‍ ദിലീപിന്റെ പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് താരത്തിനെതിരായ നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചത്.

ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന നിലപാടാണ് ആസിഫ് അലി സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവള്‍ നേരിട്ട ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും ആസിഫ് പറഞ്ഞു. നീചന്‍ എന്നാണ് ആസിഫ് അലി ദിലീപിനെ വിശേഷിപ്പിച്ചത്. ‘ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടായില്ല.’-ആസിഫ് പറയുന്നു.

ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ സംഘടനയിലെ ആരും എതിര്‍ത്തില്ലെന്ന് നടന്‍ പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അമ്മയുടെ നിലപാടില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു. മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കം കൂടിയാണ് അമ്മയുടെ നടപടിയെന്നും രമ്യ പറഞ്ഞു.

താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിയോക് എന്നിവയില്‍ നിന്നെല്ലാം ദിലീപിനെ പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News