കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി; എത്ര ഉന്നതനായാലും സംരക്ഷണം ലഭിക്കില്ല

തിരുവനന്തപുരം: ഒരു കുറ്റവാളിയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് ഇടതുസര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ഒരു കുറ്റവാളിയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെ അതിവേഗം പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം തുടരും എന്ന് വ്യക്തമാക്കിയതാണ്. ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ തന്നെയാണ് പൊലീസ്. അതിന്റെ ഭാഗായി ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമത്തിന്റെ കരങ്ങളില്‍ പെടും.”

”ഒരു കുറ്റവാളിക്കും, എത്ര ഉന്നതനായാലും സംരക്ഷണം ലഭിക്കില്ല. കുറ്റം ചെയ്തവരെ പിടികൂടാനാണ് പൊലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോയത്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ ആദ്യം പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ഗൂഢാലോചന തെളിയിക്കുകയുമാണ് പോലീസ് ചെയ്തത്. അന്വേഷണം മികച്ച നിലയില്‍ നടത്തുന്ന പോലീസിനെ അഭിനന്ദിക്കുന്നു.”-മുഖ്യമന്ത്രി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ ആരു വിചാരിച്ചാലും പ്രതിയെ സംരക്ഷിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഒരു കുറ്റവാളിയും ഈ സര്‍ക്കാരിന്റെ കാലത്ത് രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യം നടത്തുന്നതിനു നേരിട്ട് നേതൃത്വം നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. സാധാരണഗതിയില്‍ ഗൂഢാലോചനക്കേസ് തെളിയിക്കുക പ്രയാസമാണ്. അതിനു പഴുതടച്ചുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News