അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരണം; പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കും

മൊസൂള്‍: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ മൊസൂളില്‍ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചുള്ള പ്രസ്താവന ഐഎസ് അനുകൂല സംഘടനയാണ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തത്. സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നത്. അവിടെവച്ചാകും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വ്യോമസേനാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. ഐഎസ് ശക്തി കേന്ദ്രമായ റാഖയില്‍ മേയ് 28നു നടത്തിയ വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്നായിരുന്നു റഷ്യയുടെ ഭാഷ്യം.

ഇറാഖില്‍ ജനിച്ച ബഗ്ദാദി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാന്‍ഡ് മോസ്‌കിലാണ് ബഗ്ദാദിയെ അവസാനം കാണുന്നത്. മുന്‍പ്, നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആദ്യമായാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഐഎസ് അറിയിച്ചു.

എന്നാല്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്നതിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള പ്രഖ്യാപനം. ഒമ്പത് മാസത്തെ പോരാട്ടത്തിനൊടുവിലാണ് മൊസൂള്‍ ഇറാഖി സൈന്യത്തിന് മോചിപ്പിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News