മറയൂര്‍ ചന്ദനം ലേലത്തിന് ഇന്ന് തുടക്കം; പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളും

ഇടുക്കി: ലോക പ്രശസ്തമായ മറയൂര്‍ ചന്ദനം സ്വന്തമാക്കാനുള്ള ലേലത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളുമായ പ്രമുഖരാണ്, കേരളത്തില്‍ ചന്ദന ലേലം നടക്കുന്ന ഏക സ്ഥലമായ മറയൂരില്‍ എത്തിയിരിക്കുന്നത്.

ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ ചന്ദന ലേലത്തിനൂള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മറയൂര്‍ ചന്ദന ഡിവിഷന്‍
ഡി.എഫ്.ഒ അറിയിച്ചു. 15 തരത്തില്‍ 208 ലോട്ടുകളിലായി 69.300 ടണ്‍ ചന്ദനമാണ് ഇത്തവണ ലേലത്തില്‍ വച്ചിരിക്കുന്നത്. ലേലത്തില്‍, ക്ലാസ് 6 ഇനത്തില്‍ പെട്ട ബഗ്രിദാദ് 19.750 ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തില്‍ ഏറ്റവും അധികം ആവശ്യക്കാര്‍ ഉള്ള വിഭാഗമാണ് ബഗ്രിദാദ്. കഴിഞ്ഞ തവണ ബാഗ്രിദാദ് ചന്ദനം കിലോ 16800 രുപയ്ക്കാണ് വില്‍പന നടന്നത്.

ചന്ദനത്തടികളില്‍ ഒന്നാം തരമായ വിലായത്ത് ബുദ്ധ ഈ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഏക സവിശേഷത. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിലായത്ത് ബുദ്ധ ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 33.500 കിലോ ലേലത്തില്‍ വച്ചിട്ടുണ്ട്. പന്ത്രണ്ട് ലക്ഷത്തിന് മുകളില്‍ വില ലഭിക്കാവുന്ന 69 കിലോ ചന്ദനവേരുകളും ഇത്തവണത്തെ ലേലത്തില്‍ ഉള്‍പ്പെടുന്നൂ. കൂടാതെ പത്താം തരം ചന്ദനമായ
ജയ് പൊകല്‍ ചന്ദനവും (11.700 കിലോ), പതിമൂന്നാം തരം ചന്ദനമായ മിക്‌സഡ് ചിപ്‌സും (14.800 കിലോ), പതിനാലാം തരം ചന്ദനമായ വെള്ള ചന്ദനവും (8.500 ടണ്‍ ) ഇത്തവണ ലേലത്തിനായി തയാറാക്കിയിട്ടുണ്ട്.

ചന്ദനലേലത്തില്‍ പങ്കെടുക്കാന്‍ ഹോങ്കോങ്ങില്‍ നിന്നൂള്ള സംഘവും കര്‍ണ്ണാടക സോപ്‌സിലെ പ്രതിനിധികളും മറയൂരിലെ ചന്ദന ഗോഡൗണില്‍ പരിശോധനക്കെത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ മാത്രമാണ് ചന്ദന ലേലം നടക്കുക. മറയൂര്‍ ചന്ദന ലേലത്തിലൂടെ ശരാശരി 100 കോടി രൂപയാണ് പ്രതിവര്‍ഷം പൊതുഖജനാവിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News