മദ്യപാനത്തിന് ദോഷം മാത്രമല്ല, ചില ഗുണങ്ങളുമുണ്ട്

കൂടുതലായി മദ്യം കഴിക്കുന്നത് ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുറച്ചു മാത്രം മദ്യം കഴിക്കുന്നതുകൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട് താനും. പക്ഷെ എന്താണ് ഈ കുറച്ചുമാത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ആണുങ്ങളില്‍ ഒരു ദിവസം രണ്ടു ഡ്രിങ്ക് വരെ ആവാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.

സ്ത്രീകള്‍ക്ക് അത് ഒന്നായി കുറച്ചിട്ടുമുണ്ട്. എന്നാല്‍ ഒരാഴ്ചത്തെ അലോട്ടുമെന്റ് എല്ലാം കൂടി ചേര്‍ത്ത് ഒരു ദിവസം കുടിക്കുകയും, ബാക്കി ദിവസങ്ങളില്‍ കുടിക്കാതെ ഇരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല അത് ദോഷം വരുത്തി വയ്ക്കുകയും ചെയ്യും. ഒരു ഡ്രിങ്ക് എന്നുദ്ദേശിക്കുന്നത് ഒരു കുപ്പി ബിയറോ ഒരു പെഗ്ഗ് വിസ്‌കിയോ ആയി കണക്കാക്കുക (ഒരു ഉദ്ദേശ കണക്കാണ് ഇത്). ഒരെണ്ണം അകത്തു ചെന്നാല്‍ പിന്നെ ഒന്ന് കൂടി കഴിക്കണം എന്ന വിചാരം ആളുകളില്‍ ഉണ്ടാവുക വളരെ സാധാരണമാണ്. കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളും അമിത മദ്യപാനത്തിന്റെ ദോഷങ്ങളും ഇവിടെ എഴുതുകയാണ്. ഇത് മദ്യം അമിതമായി കഴിക്കുന്നതിനുള്ള പ്രേരണ ആയി കരുതരുത്.

  • ഹാര്‍ട്ടിനുള്ള ഗുണങ്ങള്‍

കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ അത് രക്ത സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഉപകരിക്കും. എന്നാല്‍ കൂടിയ അളവിലുള്ള മദ്യ സേവ രക്ത സമ്മര്‍ദ്ദം കൂട്ടും. അതുപോലെ മദ്യത്തിനു രക്ത ധമനികളിലെ കൊഴുപ്പിനെ ക്ലിയര്‍ ചെയ്യാനുള്ള കഴിവുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കുവാനുള്ള ചാന്‍സ് കുറവാണ്. അത് ഹാര്‍ട്ട് അറ്റാക്ക് വരാതെ നോക്കുന്നതിനു സഹായകരമാവും. അതുപോലെ രക്ത ചംക്രമണം സുഖകരമാക്കുവാനും മദ്യത്തിനു കഴിയുന്നുണ്ട്. ചുവന്ന വൈന്‍ കഴിച്ചാല്‍ കൊളെസ്‌റെറോള്‍ കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

  • തളര്‍വാതം തടയുന്നു

സ്‌ട്രോക്ക് വരാതെയിരിക്കാനും കുറഞ്ഞ അളവിലുള്ള മദ്യ സേവ സഹായിക്കും. ഇസ്‌കീമിക് സ്‌ട്രോക്ക് അഥവാ രക്ത ഓട്ടം കുറയുന്നത് കൊണ്ടുണ്ടാവുന്ന സ്‌ട്രോക്ക് ആണ് ഇതില്‍ പ്രധാനം. മദ്യത്തിനു തലച്ചോറിലെ രക്ത ഓട്ടം സുഗമമാക്കാന്‍ കഴിയുന്നതിനാല്‍ സ്‌ട്രോക്ക് വരാതെയിരിക്കുവാന്‍ അതിനു സഹായിക്കുവാന്‍ കഴിയും. എന്നാല്‍ രക്ത കുഴലുകള്‍ പൊട്ടി ഉണ്ടാവുന്ന സ്‌ട്രോക്ക് അഥവാ ഹിമറാജിക് സ്‌ട്രോക്കിനെ മദ്യം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം സ്‌ട്രോക്ക് ഇരുപതു ശതമാനം മാത്രമേ ഉള്ളു.

  • ഉറക്കത്തിനെ ബാധിക്കുന്നു

ഒരു ഡ്രിങ്ക് മാത്രം കഴിച്ചു എന്ന് കരുതി അത് ഉറക്കത്തിനെ സാരമായി ബാധിക്കില്ല. കൂടുതല്‍ മദ്യപിച്ചാല്‍ അത് ഉറക്കത്തിലേക്കു പോകുവാന്‍ നമ്മെ സഹായിക്കും എങ്കിലും ഇടക്കുവച്ചു ഉണരുവാനുള്ള സാധ്യത കൂടി എന്ന് വരാം. അതുപോലെ ആര്‍ഇഎം സ്ലീപ്പിനെ തടയും എന്നതിനാല്‍ ഇത് ഒരു നല്ല ഉറക്കം ആയി കരുതുവാന്‍ കഴിയില്ല.

  • ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു

മദ്യം നമ്മുടെ ശരീരത്തില്‍ നിന്നും ജലാംശം നീക്കം ചെയ്യും. കൂടുതല്‍ മൂത്രം പോവുക വളര സാധാരണയായി അനുഭവപ്പെടുന്ന ഒരു കാര്യം ആണല്ലോ. ചൂട് രാജ്യങ്ങളില്‍ ഇത് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ബിയര്‍ കൂടുതല്‍ ജലാംശം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുത്തും. മദ്യത്തോടൊപ്പം ഉപ്പു കലര്‍ന്ന സ്‌നാക്കുകള്‍ ഉപയോഗിക്കുന്നതും ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണം ആവും.

  • അല്‍പ മദ്യപാനം ബന്ധങ്ങളെ വലുതാക്കാം

മുഴുക്കുടിയന്മാരുടെ ബന്ധങ്ങള്‍ നശിച്ചുപോവുമെങ്കിലും മിതമായി മദ്യപിക്കുന്നവര്‍ക്ക് ചിലപ്പോള്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞു എന്ന് വരാം. അല്പം മദ്യം അകത്തു ചെന്ന് കഴിയുമ്പോള്‍ പലരും മനസ്സ് തുറന്നു സംസാരിക്കുന്നത് കൊണ്ടാവാം ഇത് എന്ന് കരുതപ്പെടുന്നു. ബാറുകളിലും മറ്റും കൂട്ടിമുട്ടുന്ന അപരിചിതര്‍ പലപ്പോഴും ആത്മാര്‍ത്ഥ സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നത് കാണാം. എന്നാല്‍ ചില ആളുകളെ മദ്യം സന്തോഷിപ്പിക്കുമെങ്കിലും മറ്റു ചിലര്‍ മദ്യം കഴിച്ചതിനു ശേഷം കുഴപ്പക്കാരായി മാറുന്നതും കാണാം. മദ്യം പലരിലും വ്യത്യസ്തങ്ങളായ ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്.

  • മദ്യവും മരുന്നുകളും

മരുന്ന് കഴിക്കുന്നവര്‍ മദ്യം അതിന്റെ കൂടെ കഴിച്ചാല്‍ മരുന്നിന്റെ ഫലം കിട്ടുകയില്ല. ലിവറില്‍ വച്ചാണ് മദ്യവും മരുന്നുമെല്ലാം നമ്മുടെ ശരീരം കൈകാര്യം ചെയ്യുന്നത്. മരുന്നും മദ്യവും ഒരുമിച്ച് ലിവറില്‍ ചെന്നാല്‍ മദ്യത്തിനായിരിക്കും മുന്ഗണന.

  • കുട്ടികളും മദ്യവും

മദ്യാസക്തി ജീനുകളില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ കുട്ടികളും ചിലപ്പോള്‍ അത് അനുകരിച്ചു എന്ന് വരാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here