പിണറായി വിജയന്‍ രാജ്യത്തിന് മാതൃകയായ ഭരണാധികാരിയാണെന്ന് കമല്‍ഹാസന്‍; മോദിക്കെതിരെ രൂക്ഷവിമര്‍ശനവും; ”സംഘ്പരിവാറില്‍നിന്നു ഇതിലും വലിയ വിപത്തുകള്‍ വരാനിരിക്കുന്നേയുള്ളൂ”

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃകയായ ഭരണാധികാരിയാണെന്ന് നടന്‍ കമല്‍ഹാസന്‍. മോദി ഇസ്രായേല്‍ സന്ദര്‍ശനത്തിലെടുത്ത തെറ്റായ നിലപാടിനെ പിണറായി വിജയന്‍ തുറന്നുകാട്ടിയത് ധീരമായ നടപടിയായിരുന്നു. മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയം മാത്രമല്ല, രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുള്ള ബദല്‍കൂടി ഉയര്‍ത്തിയാണ് പിണറായി മാതൃകയാകുന്നതെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് ഡിവൈഎഫ്‌ഐ നല്‍കുന്ന നിവേദനം പുറത്തിറക്കുകയായിരുന്നു കമല്‍ഹാസന്‍.

രാജ്യത്ത് സംഘ്പരിവാര്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയാണെന്നും കഴിഞ്ഞ നൂറു വര്‍ഷത്തോളമായി നടത്തുന്ന പ്രയത്‌നങ്ങളുടെ ഫലമാണ് ഇപ്പോള്‍ അവര്‍ കൊയ്യുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. സംഘ്പരിവാറില്‍നിന്നു ഇതിലും വലിയ വിപത്തുകള്‍ വരാനിരിക്കുന്നേയുള്ളൂ. അത് ഇന്നത്തേക്കാളുമൊക്കെ ഭീകരവും ഭയാനകവുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മൂന്നു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള പലസ്തീന്‍ ജനത അനുഭവിക്കുന്ന യാതനകളെക്കുറിച്ച് മോദി ഒരക്ഷരം പോലും ശബ്ദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായി. ഒന്നുമറിയാത്ത പിഞ്ചു കുട്ടികളെ കൊലപ്പെടുത്തുന്ന മനുഷ്യത്വ രഹിതമായ നിലപാടിനെതിരെ മോദിക്ക് മിണ്ടാനായില്ല. ഗുജറാത്തിലെ കുഞ്ഞുങ്ങളെപ്പോലെ തന്നെയാണ് പലസ്തീനിലേയും കുഞ്ഞുങ്ങള്‍. ഇന്ത്യയുടെ പരമ്പരാഗത വിദേശനയം മോദി കൈയൊഴിഞ്ഞപ്പോള്‍ പലസ്തീനെ ഇന്ത്യ കൈവിട്ടുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here