
കൊച്ചി: ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ജയറാം. സംഭവത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പറഞ്ഞു. 33 വര്‍ഷം മുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളതെന്നും ജയറാം പറഞ്ഞു.
അറസ്റ്റിന് പിന്നാലെ മലയാള സിനിമാ ലോകവും താരസംഘടനകളും ദിലീപിനെ തള്ളി രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടതില്‍ ദിലീപിന്റെ പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് താരത്തിനെതിരായ നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചത്.
ഇതിനിടെ കേസില്‍ അറസ്റ്റിലായ ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ച് നടി നവ്യാ നായരും രംഗത്തെത്തി. എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് നവ്യാ നായര്‍ പറഞ്ഞു. ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ലെന്നും അവര്‍ വ്യക്തമാക്കി.
ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന നിലപാടാണ് ആസിഫ് അലി സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവള്‍ നേരിട്ട ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും ആസിഫ് പറഞ്ഞു. നീചന്‍ എന്നാണ് ആസിഫ് അലി ദിലീപിനെ വിശേഷിപ്പിച്ചത്. ‘ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടായില്ല.’ആസിഫ് പറയുന്നു.
ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ സംഘടനയിലെ ആരും എതിര്‍ത്തില്ലെന്ന് നടന്‍ പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അമ്മയുടെ നിലപാടില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു. മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കം കൂടിയാണ് അമ്മയുടെ നടപടിയെന്നും രമ്യ പറഞ്ഞു.
താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിയോക് എന്നിവയില്‍ നിന്നെല്ലാം ദിലീപിനെ പുറത്താക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here