നടിയോട് വൈരാഗ്യം ആ രണ്ടു സ്ത്രീകള്‍ക്ക്; സുനി പറഞ്ഞ ‘മാഡം’ ഇവരോ? ദിലീപിന്റെ ജാമ്യാപേക്ഷ റിപ്പോര്‍ട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെതിരായ പൊലീസിന്റെ കണ്ടെത്തലുകള്‍ തള്ളി അഭിഭാഷകന്‍ രാംകുമാര്‍. പൊലീസിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപിനെതിരെയുള്ള 19 തെളിവുകളും തള്ളണമെന്ന് അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.

ജാമ്യാപേക്ഷയില്‍ രണ്ടു സ്ത്രീകളുടെ കാര്യവും പരാമര്‍ശിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസിലാണെന്നും ദിലീപിനല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. സ്ത്രീകള്‍ തമ്മിലുള്ള വിദ്വേഷത്തിന് ദിലീപിനെയാണ് പ്രതിയാക്കിയതെന്നും രാംകുമാര്‍ വാദിച്ചു.

പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ചെയ്തത് ദിലീപിന്റെ സഹായികളാണ്. എന്നാല്‍ അറസ്റ്റ് ചെയ്തത് ദിലീപിനെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് നേരത്തെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്.

അതേസമയം, ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി മാറ്റി. കസ്റ്റഡി കാലാവധി കഴിഞ്ഞിട്ട് അപേക്ഷ പരിഗണിക്കാമെന്ന് കോടതി വിധിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ദിലീപിനെ അന്വേഷണസംഘം ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News