മതവിരുദ്ധ പരാമര്‍ശം; ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സെന്‍കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരമാര്‍ശം നടത്തിയെന്നാരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലൂള്ള സംഘമാണ് മുന്‍ പൊലീസ് മേധാവിക്കെതിരെ അന്വേഷണം നടത്തുക.

സര്‍വീസില്‍ നിന്നും പിരിഞ്ഞ ശേഷം സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. അത് ഇങ്ങനെയാണ്:
എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.

‘മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല.’ ഒരു മുസ്ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇത്തരം മതതീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ യുവാക്കള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതം മാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. എന്ത് കൊണ്ട് ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ലെന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here