രാജിവയ്ക്കില്ലെന്ന് തേജസ്വി യാദവ്; പിന്നോക്ക വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്നതിനാല്‍ ബിജെപി വേട്ടയാടുന്നു

ദില്ലി: അഴിമതി ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. രാജി വയ്ക്കുന്നതിനെക്കുറിച്ച് നാലു ദിവസത്തിനകം മറുപടി നല്‍കണമെന്ന മുഖ്യമന്ത്രി നിധീഷ്‌കുമാറിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം. പിന്നോക്ക വിഭാഗക്കാര്‍ക്കായി നിലകൊള്ളുന്നതിനാല്‍ ബിജെപി വേട്ടയാടുന്നതായും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

റെയില്‍വേ ഹോട്ടല്‍ ടെന്‍ണ്ടറിലെ അഴിമതിയില്‍ സിബിഐ ലാലുപ്രസാദ് യാദവിനും മക്കള്‍ക്കുമെതിരെ എടുത്ത കേസാണ് ബീഹാറിലെ മഹാസഖ്യത്തെ വേട്ടയാടുന്നത്. അഴിമതി കേസില്‍ ഉള്‍പ്പെട്ട തേജസ്വിയെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പട്‌നയില്‍ ചേര്‍ന്ന് നിധീഷ്‌കുമാറിന്റെ ജെഡിയു നിയമസഭാകക്ഷിയോഗം ചര്‍ച്ച ചെയ്തിരുന്നു. രാജിയെക്കുറിച്ച് നാലു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും ലാലുവിന്റെ പുത്രന് നിധീഷ്‌കുമാര്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ രാജി വയ്ക്കില്ലെന്ന് തേജസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപമുഖ്യമന്ത്രി എന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന മൂന്ന് വകുപ്പുകളെ അഴിമതി വിമുക്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിക്കാന്‍ ബിജെപിയ്ക്കും കഴിഞ്ഞിട്ടില്ല. അത് കൊണ്ടാണ് തനിക് പന്ത്രണ്ട് വയസുള്ളപ്പോള്‍ അഴിമതി നടത്തിയെന്ന് വിചിത്ര വാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നതെന്നും തേജസ്വി യാദവ് പരിഹസിച്ചു.

പിന്നോക്ക വിഭാഗക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നതും, മോദിയെ കടന്നാക്രമിക്കുന്നതും കൊണ്ടാണ് ബിജെപി ആര്‍ജെഡിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. പട്‌നയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തേജസ്വി യാദവ് പങ്കെടുത്തു. അതേ സമയം കള്ളപണം വെളുപ്പിച്ചെന്ന് കേസില്‍ ആദായ നികുതി വകുപ്പ് ലാലുവിന്റെ മകള്‍ മിസാഭാരതിയേയും ഭര്‍ത്താവ് ശൈലേഷ് കുമാറിനേയും ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News