
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ തെളിവെടുപ്പ് തടസ്സപ്പെട്ടു. താരത്തെ തെളിവെടുപ്പിനായി തൊടുപുഴയില്‍ എത്തിച്ചെങ്കിലും ജനം പ്രതിഷേധവുമായി ഇരമ്പിയെത്തുകയായിരുന്നു. ദിലീപിനെ കൊണ്ടുവന്ന വഴിയിലെങ്ങും കൂക്കിവിളികളുമായി ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
പീഡനവീരാ, കാട്ടുകള്ളാ എന്നതടക്കമുള്ള മുദ്രാവാക്യവും മുഴങ്ങി. അതിനിടെ തെളിവെടുപ്പ് നടത്താനായി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ തൊടുപുഴയിലെ ഷൂട്ടിംഗ് സൈറ്റിലെത്തിച്ചെങ്കിലും ജനം വിടാതെ കൂടി. കൂക്കിവിളികള്‍ വലിയ തോതില്‍ ഉയര്‍ന്നതിനൊപ്പം തള്ളിക്കയറ്റവും ഉണ്ടായതോടെ തെളിവെടുപ്പ് തടസ്സപ്പെടുകയായിരുന്നു.
തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെ തോപ്പുംപടിയിലെ സ്വിഫ്റ്റ് ജംഗ്ഷന്‍, എംജി റോഡില്‍ അബാദ് പ്ലാസ എന്നിവിടങ്ങളിലും ദിലിപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
അതേസമയം, ദിലീപിന്റെ ഭൂമിയിടപാടുകളിലും അന്വേഷണം നടത്താന്‍ തീരുമാനമുണ്ട്. കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ ദിലീപിന് ഭൂമിയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലുവ, നെടുമ്പാശേരി, കുമരകം, മൂന്നാര്‍ മേഖലകളിലും ഏക്കര്‍ കണക്കിന് ഭൂമിയാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ആധാരം ചെയ്തിട്ടുള്ളത് ബിനാമി പേരുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
ആക്രമിക്കപ്പെട്ട നടിയോടുള്ള വൈരാഗ്യത്തിന് ഭൂമി ഇടപാടും കാരണമായെന്ന് നേരത്തെ അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിരുന്നു. ദിലീപും മഞ്ജു വാര്യരും നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
ദിലീപ് നിര്‍മിച്ച സിനിമകള്‍, ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാവിലെ വിധിച്ചിരുന്നു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. കസ്റ്റഡി കാലാവധി കഴിഞ്ഞിട്ട് അപേക്ഷ പരിഗണിക്കാമെന്ന് കോടതി വിധിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here