തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ നേതാവ് കെ ആര്‍ ഗൗരിയമ്മയ്ക്ക് തൊണ്ണൂറ്റിയൊമ്പതാം പിറന്നാളാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴാണ് സ്‌നേഹ സമ്മാനവുമായി സാംസ്‌കാരിക മന്ത്രിയെത്തിയത്. ഗൗരിയമ്മയ്‌ക്കൊപ്പമുള്ള അനുഭവം പങ്കെവെച്ച് എ കെ ബാലന്‍ ഫേസ്ബുക്കില്‍ ഇങ്ങനെകുറിച്ചു.
തൊണ്ണൂറ്റിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന സഖാവ് ഗൗരിയമ്മയെ കാണാന്‍ ജമീലയോടൊപ്പം ഉച്ചയ്ക്ക് 01.15 ന് ചാത്തനാട്ടെ വീട്ടിനടുത്തുള്ള റോട്ടറി ക്ലബ്ബിലെത്തി.
തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ മനസ് നിറയെ ഗൗരിയമ്മയെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. 1968 ല്‍ കല്ലാച്ചി ഗവ. ഹൈസ്‌കൂളില്‍ സ്‌കൂള്‍ ലീഢറായിരുന്ന കാലം. അന്ന് മന്ത്രിയായിരുന്ന ഗൗരിയമ്മ കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ത്തം വടകരയില്‍ പ്രസംഗിക്കുന്നതായി അറിഞ്ഞു. കുടികിടപ്പ് അവകാശം നല്‍കിയ നേതാവെന്ന നിലയില്‍ ഗൗരിയമ്മ വലിയ ആവേശമായിരുന്നു. ഗൗരിയമ്മയെ കാണാനും പ്രസംഗം കേള്‍ക്കാനും വലിയ ആവേശമായി.
വണ്ടിക്കൂലിക്ക് കയ്യില്‍ അഞ്ച് പൈസപോലും ഇല്ല. ഗൗരിയമ്മയെ കാണാനുള്ള ആവേശം ഇത് തടസ്സമായില്ല. 20 കിലോമീറ്ററോളം നടന്ന് വടകരയിലെത്തി ഗൗരിയമ്മയുടെ പ്രസംഗം കേട്ടു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം കാരണം ക്ഷീണിച്ച് വിശന്ന് പീഠിക തിണ്ണയില്‍ കിടന്ന് ഉറങ്ങിപ്പോയി.
പിന്നീട് പലപ്പോഴും വിദ്യാര്‍ത്ഥി യുവജന സംഘടന പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി നേതാവായിരുന്ന ഗൗരിയമ്മയോടൊപ്പം വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പ്രത്യേക വാത്സല്യം എന്നോട് പുലര്‍ത്തിയിരുന്നു. എന്റെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചതും ഗൗരിയമ്മയായിരുന്നു. ജമീലയുടെ കഴുത്തില്‍ താലികെട്ടാന്‍ സഹായിക്കുന്ന ചിത്രം മനസില്‍ മായാതെ ഇപ്പോഴും ഉണ്ട്.
ഒരു മണിക്കൂറോളം ഗൗരിയമ്മയോടൊപ്പം ചിലവഴിച്ചു. ഓര്‍മ്മകള്‍ പങ്കുവെച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരു ചുവന്ന പൊന്നാട നല്‍കി ഗൗരിയമ്മയെ ആദരിച്ചു.
Get real time update about this post categories directly on your device, subscribe now.