നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; അന്‍വര്‍ സാദത്ത് എം എല്‍ എയെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് ദിലീപില്‍ നില്‍ക്കില്ലെന്ന് ഇന്നലെ തന്നെ സൂചനകളുണ്ടായിരുന്നു. പുതിയ തെളിവുകള്‍ പ്രതിപക്ഷ എം എല്‍ എ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് വ്യക്തമാകുന്നത്.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ ദിലീപിന്റെ ജന്മ സ്ഥലമായ ആലുവ എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇപ്പോള്‍ വിദേശത്തുള്ള അന്‍വര്‍ സാദത്ത് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ ചോദ്യം ചെയ്യുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. രാവിലെ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്.

അതേസമയം, ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. കസ്റ്റഡി കാലാവധി കഴിഞ്ഞിട്ട് അപേക്ഷ പരിഗണിക്കാമെന്ന് കോടതി വിധിക്കുകയായിരുന്നു.

ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ചോദ്യം ചെയ്യലിനായി ദിലീപിനെ ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുപോയി.

കനത്ത സുരക്ഷയിലാണ് ദിലീപിനെ രാവിലെ ആലുവ സബ് ജയിലില്‍ നിന്നും കോടതിയിലെത്തിച്ചത്. വന്‍ ജനകൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നത്. കൂവിവിളികളോടെയാണ് കോടതിയിലേക്ക് കൊണ്ടുവന്ന ദിലീപിനെ ജനങ്ങള്‍ സ്വീകരിച്ചത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാര്‍ ആണ് ദിലീപിന് വേണ്ടി ഹാജരായത്. അറസ്റ്റ് നിയമവിരുദ്ധമെന്നും സംശയത്തിന്റെ പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അഡ്വ. രാംകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News