കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്

ബെയ്ജിങ്: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്. നിയന്ത്രണരേഖയ്ക്കു സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയും ഈ വിഷയത്തിലേക്ക് രാജ്യാന്തര ശ്രദ്ധ പതിയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബന്ധം മെച്ചപ്പെടുത്താന്‍ ‘ഇടപെടാമെന്ന’ ചൈനയുടെ വാഗ്ദാനം.

ഇന്ത്യയും പാകിസ്താനും ദക്ഷിണേഷ്യയിലെ രണ്ടു സുപ്രധാന രാജ്യങ്ങളാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള തര്‍ക്കം ലോകം ഉറ്റുനോക്കുകയാണ്. കശ്മീരില്‍ നിയന്ത്രണരേഖയോടു ചേര്‍ന്നാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. ഈ പ്രശ്‌നം തര്‍ക്കത്തിലുള്ള രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വിഘാതമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്.

അതേസമയം, കശ്മീര്‍ പ്രശ്‌നം ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നും ഈ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

നേരത്തെ, ഭൂട്ടാനെ സഹായിക്കാനെന്ന പേരില്‍ സിക്കിമിനോടു ചേര്‍ന്ന ദോക് ലാ മേഖലയില്‍ ചൈനയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയ ഇന്ത്യയുടെ തന്ത്രത്തിനു സമാനമായി കശ്മീരിലും ചൈന ഇടപെട്ടേക്കുമെന്നു ചൈനീസ് മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഭൂട്ടാനും ചൈനയുമായുള്ള വിഷയത്തില്‍ മൂന്നാമതൊരു രാജ്യമായ ഇന്ത്യ ഇടപെടുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യമായ ചൈനയും ഇടപെട്ടേക്കാമെന്നായിരുന്നു ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here