നോട്ട് നിരോധനം: തിരിച്ചെത്തിയനോട്ടുകളുടെ എണ്ണം പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ദില്ലി: കറന്‍സി പിന്‍വലിക്കല്‍ നടപടിയെത്തുടര്‍ന്ന് തിരിച്ചെത്തിയ 500, 1000 രൂപ നോട്ടുകളുടെ എണ്ണം പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ ധന സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. നോട്ടെണ്ണല്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്നതിലും ഗവര്‍ണര്‍ക്ക് വ്യക്തതയില്ല. കറന്‍സി പിന്‍വലിക്കല്‍ നടപടി വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് ധന സ്റ്റാന്‍ഡിങ് കമ്മിറ്റി വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന് മുമ്പാകെ വയ്ക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഗവര്‍ണറെ ഇനി വിളിച്ചുവരുത്തില്ലെന്ന് സമിതി അധ്യക്ഷന്‍ വീരപ്പ മൊയ്‌ലി പറഞ്ഞു.

തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം വെളിപ്പെടുത്തുന്നതില്‍ നിന്ന് ആര്‍ബിഐ ഗവര്‍ണര്‍ തുടര്‍ച്ചയായി ഒഴിഞ്ഞുമാറുന്നതില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചു. ജനുവരി ആദ്യം സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ ഉര്‍ജിത് പട്ടേല്‍ പറഞ്ഞത് നോട്ടുകള്‍ എണ്ണിവരികയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നുമാണ്. തിരിച്ചെത്തിയ നോട്ടുകള്‍ ഒരു പ്രത്യേക ടീം എണ്ണുകയാണെന്നാണ് ബുധനാഴ്ച പട്ടേല്‍ പറഞ്ഞത്. ഞായറാഴ്ചമാത്രം അവധിയെടുത്ത് ഇവര്‍ തുടര്‍ച്ചയായ എണ്ണലിലാണ്. എന്നാല്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് പറയാന്‍ ഗവര്‍ണര്‍ക്കായില്ല.

2016 നവംബര്‍ എട്ടിന് 500, 1000 നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ 17.7 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. നിലവില്‍ 15.4 ലക്ഷം കോടി രൂപയുടെ കറന്‍സി പ്രചാരത്തിലുണ്ടെന്നും കറന്‍സി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമായെന്നും ഗവര്‍ണര്‍ പറഞ്ഞു. പട്ടേലിനൊപ്പം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്രയും യോഗത്തിനെത്തി. മുന്‍ പ്രധാനമന്ത്രിയും ആര്‍ബിഐ മുന്‍ ഗവര്‍ണറുമായ മന്‍മോഹന്‍സിങ് യോഗത്തില്‍ പങ്കെടുത്തെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. ജനുവരിയിലെ യോഗത്തില്‍ പട്ടേലിനെതിരായി രൂക്ഷമായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്‍മോഹന്‍സിങ്ങാണ് സംരക്ഷണം തീര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News