
കോഴിക്കോട്: ജെഡിയുവിന്റെ മുന്നണി മാറ്റം അനിവാര്യമെന്ന് ഷെയ്ഖ് പി ഹാരിസ്. യുഡിഎഫിന് മുമ്പില്‍ ജെഡിയു നല്‍കിയ പരാതികള്‍ക്കൊന്നും പരിഹാരം കണ്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി.
യുഡിഎഫില്‍ വന്ന ശേഷം ജെഡിയുവിന് കനത്ത നഷ്ടം ഉണ്ടായി. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതു മുന്നണി ഉള്‍പ്പെടുന്ന മതേതര പാര്‍ട്ടിക്കേ കഴിയൂയെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി.
യുഡിഎഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചര്‍ച്ചകള്‍ നടന്നതായും ജെഡിയു നേതാവ് ചാരുപാറ രവി പറഞ്ഞു.
യുഡിഎഫ് വിടണമെന്ന ആവശ്യം കഴിഞ്ഞ കുറേ നാളുകളായി ജെഡിയുവിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ഉന്നയിച്ച് വരികയായിരുന്നു. തികച്ചും രാഷ്ട്രീയപരമായ കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു ഹാരിസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നണിമാറ്റം ആവശ്യപ്പെട്ടിരുന്നത്. യുഡിഎഫിന്റെ ഭാഗമായതിന് ശേഷം പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവിധ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞ് പിടിച്ച് തോല്‍പിച്ചു എന്ന പരാതിയും ഇവര്‍ക്കുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് മുന്നണി മാറ്റ സൂചനകള്‍ നല്‍കി ഹാരീസ് രംഗത്തെത്തിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ മുന്നണി മാറ്റം യാഥാര്‍ത്ഥ്യമാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ വീരേന്ദ്രകുമാര്‍ തയ്യാറായിട്ടില്ല.
അതേസമയം, ജെഡിയുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യുഡിഎഫിനുള്ളത്. ഇതുവരെയും ഒരു പരാതിയും ജെഡിയു മുന്നണിയില്‍ പറഞ്ഞിട്ടില്ലന്നും യുഡിഎഫിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സമരങ്ങള്‍ ശക്തമല്ലെന്ന ജെഡിയു വാദം ശരിയല്ല. അക്രമസമരങ്ങളല്ല യുഡിഎഫ് നയമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here