
കൊച്ചി: ചെക്ക് കേസില്‍ താന്‍ അറസ്റ്റിലാവാന്‍ കാരണം നടന്‍ ദിലീപ് ആണെന്ന് നിര്‍മാതാവ് ദിനേശ് പണിക്കര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ സംഭവത്തെക്കുറിച്ച് ദിനേശ് പണിക്കര്‍ പറയുന്നത് ഇങ്ങനെ:
‘1999ല്‍ പുറത്തിറങ്ങിയ ഉദയപുരം സുല്‍ത്താന്‍. അതാണ് എന്നെ വെട്ടിലാക്കിയ ആ സിനിമ. ഞാനായിരുന്നില്ല നിര്‍മ്മാതാവ്. ഞാന്‍ 40 ലക്ഷത്തിന് ആ സിനിമ ഡിസ്ട്രിബ്യൂഷന് എടുത്തതായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് കൂടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ മുങ്ങി. ഡിസ്ട്രിബ്യൂഷന് വേണ്ടി തീയേറ്ററുകളുമായി ഞാന്‍ കരാറൊപ്പിട്ടിരുന്നു. അതിനാല്‍, സിനിമ പുറത്തിറക്കേണ്ടത് എന്റെ ആവശ്യമായി. അങ്ങനെ 40 ലക്ഷത്തിന് പുറമെ 22 ലക്ഷം കൂടി ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി ചെലവാക്കി. പക്ഷേ, ഡബ്ബിംഗിന്റെ സമയത്ത് ദിലീപ് ഇടംതിരിഞ്ഞു. കാശ് കിട്ടാതെ ഡബ്ബ് ചെയ്യില്ലെന്നായി. പക്ഷേ, 22 ലക്ഷം രൂപ അധികം മുടക്കിയതിനാല്‍ ഒരു നിവൃത്തിയുമില്ലെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍, നിര്‍മ്മാതാക്കളെ കാണിക്കാനാണ്, ഒരു ഉറപ്പിനായി ഒന്നരലക്ഷം രൂപയുടെ ചെക്ക് തരൂ എന്നായി ദിലീപ്. അതില്‍ എനിക്ക് പന്തികേടൊന്നും തോന്നാത്തതു കൊണ്ട് ആ ചെക്ക് ഞാന്‍ നല്‍കി, ഡബ്ബിംഗ് പൂര്‍ത്തീകരിച്ചു.’
‘എന്നാല്‍, പടം തീയേറ്ററില്‍ എന്റെ പ്രതീക്ഷകളെ തകര്‍ത്തു. 25 ലക്ഷം എനിക്ക് നഷ്ടം വന്നു. ഞാന്‍ കടക്കാരനായി. രണ്ടു വര്‍ഷം കഴിഞ്ഞാണ് ആ ചെക്കിന്റെ കാര്യമെന്തായി എന്ന് ചോദിച്ച് ദിലീപ് വിളിക്കുന്നത്. അന്ന് മീശമാധവനൊക്കെ ഹിറ്റായി, ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലെത്തി നില്‍ക്കുന്ന സമയമാണ്. ഒരു നിവൃത്തിയുമില്ല ദിലീപേ, ചെക്ക് ബാങ്കില്‍ കൊടുത്താല്‍ മടങ്ങും. എന്താ ചെയ്യേണ്ടത് എന്നു വച്ചാല്‍ ചെയ്‌തോളൂ എന്നു പറഞ്ഞു. ദിലീപ് ചെക്ക് ബാങ്കില്‍ പ്രസന്റ് ചെയ്തു, ചെക്ക് മടങ്ങി. മറ്റുള്ളവര്‍ ഇടപെടും മുമ്പേ എന്നെ തേടി അറസ്റ്റ് വാറണ്ട് വന്നു. പിന്നെ, അറസ്റ്റിന് വഴങ്ങുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയുണ്ടായില്ല.’
‘സംഘടനകള്‍ ഇടപ്പെട്ടതോടെ, ദിലീപ് കേസ് വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാവുകയായിരുന്നു. കേസ് പിന്‍വലിക്കുമ്പോള്‍ ദിലീപിന് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇതേക്കുറിച്ച് ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കരുത്. അദ്ദേഹത്തിന് മോശമാണെന്ന് പറഞ്ഞു.’ -ദിനേശ് പണിക്കര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here