ദിലീപിനെ മൂന്ന് കേന്ദ്രങ്ങളിലും എത്തിച്ച് തെളിവെടുത്തു; മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമം; ജനം കൂവി വിളിച്ചപ്പോള്‍ കൈ ഉയര്‍ത്തി പുഞ്ചിരിയോടെ ‘ജനപ്രിയന്‍’

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ്, പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളിലും പൊലീസ് തെളിവെടുത്തു. ജോയ്‌സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍,?കിണറ്റിന്‍കര ടെന്നീസ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് തെളിവെടുത്തത്.

11.20ഓടെയാണ് അന്വേഷണസംഘം ജോയ്‌സ് പാലസ് ഹോട്ടലില്‍ എത്തിച്ചത്. പ്രതിഷേധവുമായി ജനം എത്തിയതോടെ ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയില്ല. ഗൂഢാലോചന അവസാനഘട്ടത്തില്‍ ദിലീപിനെ കാണാന്‍ സുനി ഇവിടെയെത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. 11.37ഓടെയാണ് ഗരുഡ ഹോട്ടലില്‍ തെളിവെടുപ്പിന് എത്തിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഈ ഹോട്ടലിലെ എട്ടാം നിലയിലെ 801-ാം നമ്പര്‍ മുറിയിലായിരുന്നു ദിലീപ് താമസിച്ചിരുന്നത്.

തുടര്‍ന്ന് കിണറ്റിന്‍കര ടെന്നീസ് അക്കാദമിയില്‍ എത്തിച്ചു. ഇവിടെ നിന്ന് എടുത്ത സെല്‍ഫിയായിരുന്നു കേസിലെ നിര്‍ണായക തെളിവായി മാറിയത്. ഈ ഫോട്ടോയില്‍ പള്‍സര്‍ സുനിയും കുടുങ്ങിയിരുന്നു.

ഇതിനിടെ, മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ച ദിലീപിനെ പൊലീസ് തടഞ്ഞു. ജനങ്ങള്‍ കൂവി വിളിച്ചപ്പോള്‍ കൈ ഉയര്‍ത്തിക്കാണിച്ചാണ് ദിലീപ് പ്രതികരിച്ചത്.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് അങ്കമാലി ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. നാളെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. നാളെ 11 മണിയോടെ ദിലീപിനെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here