പ്ലാച്ചിമട കോള ഫാക്ടറി ഇനി തുറക്കില്ലെന്ന് കമ്പനി

ദില്ലി: പ്ലാച്ചിമടയിലെ കൊക്കോ കോള ഫാക്ടറി ഇനി തുറക്കില്ലെന്ന് കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. ഫാക്ടറിക്ക് പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കി.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കൊക്കോകോള കമ്പനി മൂട്ടുമടക്കിയത്. പ്ലാച്ചിമടയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കോള ഫാക്ടറി ഇനി തുറക്കില്ല. ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കോ കോള കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. ഫാക്ടറി പ്രവര്‍ക്കിക്കണമെങ്കില്‍ മൂന്ന് വ്യവസ്ഥകള്‍ പാലിക്കണമെന്ന് 2004ല്‍ പൊരുമാട്ടി പഞ്ചായത്ത് നിര്‍ദ്ദേശിച്ചതോടായാണ് നിയമ പോരാട്ടത്തിന്റെ തുടക്കം.

പഞ്ചായത്തില്‍ നിന്നും ജലം ഉപയോഗിക്കരുത്, ഫാക്ടറി മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ നിര്‍മ്മാര്‍ജ്ജനം ചെയ്യണം, ആരോഗ്യപ്രശ്‌നങ്ങല്‍ ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഉല്‍പ്പാദിപ്പിക്കരുത് എന്നിവയായിരുന്നു വ്യവസ്ഥകള്‍. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. ലൈസന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിക്കെതിരെ പെരുമാട്ടി പഞ്ചായത്തും സംസ്ഥാന സര്‍ക്കാറും മലിനീകരണ നിയന്ത്രണ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു.
പന്ത്രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഫാക്ടറി ഇനി തുറക്കാന്‍ ഉദ്ദേശമില്ലെന്നും നടപടികള്‍ അവസാനിപ്പിക്കണമെന്നും കൊക്കോ കോള കമ്പനി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. എന്നാല്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്ന ഫാക്ടറികള്‍ക്ക് ലൈസന്‍സ് നിഷേധിക്കാന്‍ പഞ്ചായത്തുകളുടെ അധികാരം സംബന്ധിച്ച വിഷയം ഇപ്പോള്‍ തീര്‍പ്പാക്കുന്നില്ലെന്ന് കോടതി അറിയിച്ചു.

സമാനമായ മറ്റ് കേസുകളില്‍ ഈ വിഷയം ഉന്നയിക്കാമെന്നും ജസ്റ്റിസ് റോഹിംഗ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടിയെങ്കിലും ദുരിതം പേറുന്ന പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News