ഇതാണ് കേരളം; ഇതാകണം മാതൃക; ‘അഭിമാനസമെട്രോ’ ട്രാന്‍സ്‌ജെന്‍ഡേഴിന്റെ കൈപിടിക്കുന്ന നാടകത്തിന് കൈയ്യടിക്കാം

കൊച്ചി: സിനിമക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ആലുവ പ്രതീക്ഷ തിയേറ്ററാണ് ‘അഭിമാനസമെട്രോ’ എന്ന പേരിലുള്ള നാടകം അരങ്ങിലെത്തിക്കുന്നത്. സിനിമ, സീരിയല്‍, നാടക രംഗത്ത് പ്രശസ്തനായ സുനില്‍ ഞാറക്കലാണ് നാടകത്തിന്റെ രചയിതാവ്.

അഭി, മാനസ എന്നീ കഥാപാത്രങ്ങളുടെ വിശേഷങ്ങളിലൂടെ ആ സമൂഹം പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങളെയാണ് നാടകം അവതരിപ്പിക്കുന്നത്. കാലമേറെ പുരോഗമിച്ചിട്ടും, സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടും ഇന്നും ദൈവത്തിനു പറ്റിയ കൈപ്പിഴയായാണ് ഭിന്നലിംഗക്കാരെ പലരും കാണുന്നതെന്ന് നാടക രചയിതാവ് സുനില്‍ ഞാറക്കല്‍ പറയുന്നു. എന്നാല്‍ ഇവര്‍ വ്യത്യസ്തരായ ദൈവ സൃഷ്ടികള്‍ തന്നെയാണെന്നും മറ്റുള്ളവര്‍ക്ക് അവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നത് മാത്രമാണ് അവരുടെ പ്രശ്‌നമെന്ന സന്ദേശവും നാടകം മുന്നോട്ട് വെക്കുന്നു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വീഡിയോ ദൃശ്യത്തിലൂടെ ആരംഭിക്കുന്ന നാടകം പതിയെ ജീവനക്കാരായ ട്രാന്‍സ്‌ജെന്ഡറുകളുടെ ജീവിതത്തിലേക്ക് കടക്കുന്നു. മെട്രോയിലെ ജോലി അവരെ സംബന്ധിച്ചിടത്തോളം വേഗതയും തുടിപ്പുമുള്ള പുതിയ ജീവിതമാണ്. എന്നാല്‍ എല്ലാ കുതിപ്പുകള്‍ക്കൊപ്പവും കിതപ്പുമുണ്ടെന്നു വൈകാതെ അവര്‍ തിരിച്ചറിയുന്നു. ഈ ഘട്ടത്തിലാണ് നാടകം ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് തിരിയുന്നത്. സമൂഹത്തിന്റെ അവഗണന മാത്രമല്ല, ഭിന്നലിംഗക്കാരുടെ മുഖംമൂടി അണിഞ്ഞ് തങ്ങള്‍ക്കിടയില്‍ കയറിക്കൂടി മുതലെടുപ്പ് നടത്തുന്ന ക്രിമിനലുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വരെ നാടകം ചര്‍ച്ച ചെയ്യുന്നു.

പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന തരത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.
ഭിന്നലിംഗക്കാരുള്ള നാടകങ്ങള്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള നാടകം ഇതാദ്യമാണെന്നു രചയിതാവ് സുനില്‍ ഞാറക്കല്‍ പറഞ്ഞു. ഏഴ് അഭിനേതാക്കള്‍ അരങ്ങിലെത്തുന്ന ‘അഭിമാനസമെട്രോ’ സംവിധാനം ചെയ്യുന്നത് നാടക സംവിധാനരംഗത്ത് ചിരപരിചിതനായ അബ്ബാസ് പ്രതീക്ഷയാണ്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ അരങ്ങിലെത്തിക്കാന്‍ കഴിയുന്നത് അഭിമാനമാണെന്ന് സംവിധായകന്‍ അബ്ബാസ് പ്രതീക്ഷ പ്രതികരിച്ചു. രണ്ട് മണിക്കൂറാണ് നാടകത്തിന്റെ ദൈര്‍ഘ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here