അമര്‍ത്യാസെന്‍ ഡോക്യുമെന്റ്‌റിയിലെ സെന്‍സര്‍ കൈകടത്തല്‍ അംഗീകരിക്കാനാകില്ല; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്നിനെക്കുറിച്ച് ധനതത്വ ശാസ്ത്രജ്ഞനായ സുമന്‍ ഘോഷ് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ നിന്ന് ഗുജറാത്ത്, പശു, ഹിന്ദു, ഹിന്ദുത്വ, ഇന്ത്യയെക്കുറിച്ചുളള ഹിന്ദുത്വ കാഴ്ചപ്പാട് എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം ജനങ്ങളുടെ സാമാന്യ ബോധത്തെ അമ്പരപ്പിക്കുന്നതാണ്.

സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് നേരെയുളള കന്നാക്രമണമാണത്. വിയോജിപ്പുകളും എതിരഭിപ്രായവും അംഗീകരിക്കാത്ത ഫാസിസ്റ്റ് പ്രവണതയായേ അതിനെ കാണാനാകൂ.
ഗുജറാത്ത്, പശു, ഹിന്ദു തുടങ്ങിയ വാക്കുകള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സംഘ പരിവാര്‍ ഭയപ്പെടുന്നു. തങ്ങളുടെ ഹീനകൃത്യങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന വാക്കുകളാണ് ഇവ എന്ന ധാരണയിലാണോ ഒരു ഡോക്യുമെന്ററിയില്‍ ഈ പദങ്ങള്‍ വരുന്നിടത്ത് ‘ബീപ്പ്’ ശബ്ദം മതി എന്ന് സെന്‍സര്‍ ബോര്‍ഡിനെ കൊണ്ട് പറയിച്ചത് എന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര ഭരണാധികളാണ്.

‘ദ ആര്‍ഗുമെന്റേറ്റിവ് ഇന്ത്യന്‍ ‘ എന്ന ഡോക്യുമെന്ററിയില്‍ അമര്‍ത്യസെന്‍ തന്നെയാണ് തന്റെ സംഭാഷണത്തില്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. പ്രദര്‍ശനാവകാശത്തിനുളള സര്‍ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ഈ വാക്കുകള്‍ ഒന്നും കേള്‍പ്പിക്കരുതെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിട്ടുളളത്.

ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന നിലപാടാണിത്. നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സെന്‍സര്‍ ബോര്‍ഡ് പോലുളള സ്ഥാപനങ്ങളെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുളള ഉപകരണങ്ങളാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കയാണ്. ഇത്തരം നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel