തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ് മാധ്യമങ്ങള്‍ ലൈംഗിക അതിക്രമക്കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നതെന്ന് പരാതിപ്പെട്ട് വനിതാ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ’ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
മംഗളം ടിവി ചാനല്‍ ജൂലായ് 4ന് സംപ്രേഷണം ചെയ്ത അപഹാസ്യമായ വാര്‍ത്ത നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുത്തതിനെ അവര്‍ സ്വാഗതം ചെയ്തു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തീര്‍ത്തും അനാവശ്യമായ വിവരമാണ് ഒരു വാര്‍ത്തയില്‍ കണ്ടത്. പരാതിക്കാരിയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിത്.
ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണ് ഇത്തരം മാധ്യമ റിപ്പോര്‍ടുകളെന്ന് എം സരിതാവര്‍മ (ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്), കെ. കെ ഷാഹിന (ഓപ്പണ്‍ മാഗസിന്‍), ഗീത ബക്ഷി (നൊസ്റ്റാള്‍ജിയ മാഗസിന്‍), അര്‍ച്ചന രവി (ഡക്കാന്‍ ക്രേണിക്കിള്‍), റജീന വി പി, ജിഷ (മാധ്യമം), ലക്ഷ്മി (ടൈംസ് ഓഫ് ഇന്ത്യ) എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം വിലക്കിയ കാര്യങ്ങളാണ് പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നതു സംബന്ധിച്ച് പ്രസ് കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും മാധ്യമങ്ങള്‍ അവഗണിക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ ലൈംഗികാതിക്രമ കേസുകളുടെ റിപ്പോര്‍ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന് നെറ്റ്വര്‍ക്ക് ഇന്‍ മീഡിയ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. നിവേദനത്തിലെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Get real time update about this post categories directly on your device, subscribe now.