
അനില്‍ കുംബ്ലെയും രാജിയോടെ അവസാനിച്ചുവെന്ന് കരുതിയിരുന്ന വിവാദം പുതിയ രൂപത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുടരുകയാണ്. പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ടീമിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബൗളിങ്ങ് കോച്ചായി സഹീര്‍ഖാനെ തെരഞ്ഞെടുത്തതോടെയാണിത്. കോഹ്‌ലിക്ക് താല്‍പര്യമില്ലായിരുന്നുവെങ്കിലും കുംബ്ലെയുമായി അടുത്ത ബന്ധമുള്ള രാഹുല്‍ ദ്രാവിഡിനെ ബാറ്റിങ് ഉപദേശകനാക്കിയതിലും ഇരുവര്‍ക്കും എതിര്‍പ്പുണ്ട്.
ശാസ്ത്രി ടീം ഡയറക്ടറായിരുന്ന കാലത്ത് ബൗളിങ് കോച്ചായിരുന്ന ഭരത് അരുണിനെ ആസ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ശാസ്ത്രിയുടെയും കോഹ്‌ലിയുടെയും താല്‍പര്യം. ഈ ആവശ്യത്തെ എതിര്‍ത്ത ഗാംഗുലിയാണ് ബൗളിങ് പരിശീലക സ്ഥാനത്തേക്ക് സഹീര്‍ഖാന്റെ പേര് ഉയര്‍ത്തിക്കാട്ടിയത്. അരുണിനെ പറ്റില്ലെങ്കില്‍ മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോസണ്‍ ഗില്ലസ്പിയെ വേണമെന്നായി ശാസ്ത്രി. സമ്മര്‍ദത്തിലായ സച്ചിന്റെയും ലക്ഷ്മണിന്റെയും പിന്തുണ നേടി സഹീറിനെ താല്‍ക്കാലിക ബൗളിങ് പരിശീലകസ്ഥാനത്തെത്തിക്കാന്‍ ഗാംഗുലിക്ക് കഴിഞ്ഞു.
1980 കളില്‍ അണ്ടര്‍ 19 കളിക്കുന്ന കാലത്ത് തുടങ്ങിയതാണ് ശാസ്ത്രിയും അരുണും തമ്മിലുള്ള ബന്ധം. മുഴുവന്‍ സമയ ബൗളിങ്ങ് കോച്ചായി ടീമിനൊപ്പം തുടരാന്‍ സഹീറിന് കഴിയില്ലെന്നാണ് ശാസ്ത്രിയുടെ വാദം. നൂറ് ദിവസം പോലും സഹീര്‍ ടീമിനൊപ്പമുണ്ടാകില്ലെന്നും ഇത് ടീമിന് നല്ലതല്ലെന്നും ശാസ്ത്രിയും കോഹ്‌ലിയും വാദിക്കുന്നു. ബൗളര്‍മാര്‍ക്കായി സഹീര്‍ റോഡ്മാപ്പ് തയ്യാറാക്കി തുടങ്ങുമെന്നും അരുണ്‍ അത് പൂര്‍ത്തിയാക്കുമെന്നുമാണ് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിസിസിഐ ഭാരവാഹി പറയുന്നത്.
സഹീറിന്റെയും ദ്രാവിഡിന്റെയും സാന്നിധ്യമുള്ളപ്പോള്‍ ശാസ്ത്രിക്ക് കൗശലപൂര്‍വം തീരുമാനങ്ങളെടുക്കേണ്ടിവരും. ഈ സാഹചര്യമൊഴിവാക്കാനായി ശ്രീലങ്കന്‍ പര്യടനം മുതല്‍ ഭരത് അരുണ്‍ ബൗളിങ്ങ് കോച്ചാകണമെന്ന ആവശ്യവുമായി ശാസ്ത്രി ശനിയാഴ്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയെ കാണുകയാണ്. ഈ ആവശ്യം അംഗീകരിപ്പിക്കലാണ് ആദ്യ വെല്ലുവിളി.
ശാസ്ത്രി നേരിടുന്ന മറ്റ് വെല്ലുവിളികള്‍ ഇവയാണ്;
വിദേശ മണ്ണിലെ ഇന്ത്യയുടെ മോശം പ്രകടനം. ശ്രീലങ്കയ്ക്കും വിന്‍ഡീസിനുമെതിരെ വിജയം നേടുന്നുണ്ടെങ്കിലും മുന്‍നിര ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ പരമ്പര ജയം മികച്ചതല്ല. ലങ്ക പര്യടനത്തിന് ശേഷം ഇന്ത്യ നേരിടുന്നത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് ടീമുകളെയാണ്. ഇതില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ അന്നാട്ടില്‍ ഒരു പരമ്പര പോലും ജയിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ പരമ്പര ജയമാകട്ടെ 10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ന്യൂസിലന്റിനെതിരെ 2009ലും. ഈ റെക്കോഡുകള്‍ മാറ്റിയെഴുതുകയായിരിക്കും ശാസ്ത്രിയുടെയും കോഹ്‌ലിയുടെയും മറ്റൊരു വെല്ലുവിളി.
ഡ്രസിങ്ങ് റൂമില്‍ കുംബ്ലെ ഒരുക്കിയ ഹെഡ്മാസ്റ്റര്‍ സമീപനം ഉണ്ടാകില്ലെന്ന് ശാസ്ത്രി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അടുത്ത ലോകകപ്പ് വരെ ക്യാപ്റ്റന്‍ കൂള്‍ ധോണിയെയും യുവരാജ് സിങ്ങിനെയും ടീമില്‍ എങ്ങിനെ നിലനിര്‍ത്തുമെന്നതാണ് ശാസ്ത്രിയെ കുഴപ്പിക്കുന്ന ചോദ്യം. ഈയിടെ കഴിഞ്ഞ വിന്‍ഡീസ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 114 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ധോണിയെ ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ല. മികച്ച മാച്ച് ഫിനിഷറെന്ന വിശേഷണം ധോണിക്ക് നഷ്ടപ്പെട്ടിട്ട് നാളേറെയായി. അതുപോലെ തന്നെ വിക്കറ്റിന് പിന്നിലെ ചടുതലയും കൈമോശം വന്നുകൊണ്ടിരിക്കുന്നു. വിക്കറ്റിന് മുന്നിലും പിന്നിലും ഒരേ പോലെ മികവ് പുലര്‍ത്തുന്ന ഋഷഭ് പന്തിനെ പോലുള്ളവര്‍ അവസരം കാത്ത് കഴിയുമ്പോള്‍.
ഈയിടെ കഴിഞ്ഞ ചാമ്പ്യന്‍സ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ മാത്രമാണ് 35കാരനായ യുവരാജിന് ബാറ്റിങ്ങില്‍ തിളങ്ങാനായത്. ഫീല്‍ഡിങ്ങില്‍ യുവരാജ് ചത്ത കുതിരയാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ബൗളിങ്ങിലും യുവരാജിനെ ഇപ്പോള്‍ ഉപയോഗിക്കാനാവുന്നില്ല. ഇത്തരമൊരു കളിക്കാരനെ അടുത്ത ലോകകപ്പ് മുന്‍നിര്‍ത്തി തയ്യാറാക്കുന്ന ടീമില്‍ നിലനിര്‍ത്താനാകുമോയെന്ന് ശാസ്ത്രിക്കും കോഹ്‌ലിക്കും തീരുമാനമെടുക്കേണ്ടി വരും.
2014-16 കാലത്ത് ടീം ഇന്ത്യ ഡയറക്ടറായിരുന്നതും അക്കാലത്ത് കോഹ്‌ലിയുമായുണ്ടായിരുന്ന മാനസിക ഐക്യവും ഇത്തവണ തുണയ്ക്കുമെന്നാണ് ശാസ്ത്രിയുടെ പ്രതീക്ഷ. മറുഭാഗത്ത് കോച്ചിനെ പുറത്താക്കിയ ക്യാപ്റ്റനെന്ന പേരുദോഷം കേള്‍ക്കാനിടയായ കോഹ്‌ലിക്കാകട്ടെ തന്റെ ശൈലിയുമായി ഒത്തുപോകുന്ന ശാസ്ത്രി മുഖ്യ ചുമതലയിലെത്തിയതോടെ കുംബ്ലെ സമ്മാനിച്ച ഡ്രസിങ്ങ് റൂമിലെ
അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന അശ്വാസവും.
ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന വിദേശ മണ്ണിലെ പരമ്പര വിജയങ്ങള്‍ നേടാന്‍ ഈ സഖ്യത്തിന് കഴിഞ്ഞാല്‍ അത് ചിലരോടുള്ള മധരമുള്ള പ്രതികാരം കൂടിയാകും. ശാസ്ത്രിക്ക് കഴിഞ്ഞ വര്‍ഷം തന്നെ വെട്ടി കുംബ്ലെയെ പിരശീലകനാക്കിയ സൗരവ് ഗാംഗുലിയോട്. കോഹ്‌ലിക്കാകട്ടെ ടീമിനെ അച്ചടക്കത്തിന്റെ വാള്‍ മുനയില്‍ നിര്‍ത്തിയ അനില്‍ കുംബ്ലെയോടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here