ആരോപണ നായകന്‍ ചക് ബ്ലേസര്‍ അന്തരിച്ചു

ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററുടെ സ്ഥാനം തെറിപ്പിക്കുന്നതില്‍ പ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയ അമേരിക്കക്കാരന്‍ ചക് ബ്ലേസര്‍ അന്തരിച്ചു. അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്ന ബ്ലേസര്‍ക്ക് 72 വയസ്സായിരുന്നു. സെപ് ബ്ലാറ്റര്‍ ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടു കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ണായക വിവരം നല്‍കിയാണു ബ്ലേസര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

അഴിമതി ആരോപണങ്ങളെ തുടര്‍ന്നു ഫിഫയില്‍ നിന്നു ബ്ലേസറിനെ പുറത്താക്കിയിരുന്നു. 1998 ലോകകപ്പ് ഫ്രാന്‍സിനും 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്കും അനുവദിക്കാന്‍ കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്നാണു ബ്ലേസര്‍ ഫിഫയില്‍ നിന്നു വിലക്കിലായത്. 1990 മുതല്‍ 2011 വരെ വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ബ്ലേസര്‍ 1996-2013 കാലയളവില്‍ ഫിഫ എക്‌സിക്യൂട്ടീവ് സമിതി അംഗവുമായിരുന്നു.

കുറ്റസമ്മതം നടത്തിയ ബ്ലേസര്‍ പിന്നീടു ഫിഫയിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയ എഫ്ബിഐയ്ക്കു നിര്‍ണായക വിവരങ്ങള്‍ നല്‍കി സഹകരിച്ചു. 2011 ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബ്ലാറ്റര്‍ കൈക്കൂലി നല്‍കി എന്നായിരുന്നു ബ്ലേസറുടെ പ്രധാന ആരോപണം. ബ്ലാറ്റര്‍ പിന്നീട് 2016ലും പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോപണങ്ങളെ തുടര്‍ന്നു രാജിവെച്ചു; അന്വേഷണങ്ങള്‍ക്കൊടുവില്‍ വിലക്കിലുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here