ആക്രമണത്തിനിരയായ നടി പറഞ്ഞതാണ് ശരി; ദിലീപുമായി വസ്തു ഇടപാടില്ല; അന്വേഷണം വഴിത്തിരിവില്‍; റിപ്പോര്‍ട്ട് പീപ്പിള്‍ ടി വി പുറത്തുവിടുന്നു

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ്് എന്തിനാണ് ഗൂഢാലോചന നടത്തിയതെന്ന അന്വേഷണം വഴിത്തിരിവില്‍. ആക്രമണത്തിനിരയായ നടി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത് നൂറുശതമാനം ശരിയായിരുന്നെന്നാണ് വ്യക്തമാകുന്നത്. നടിയും ദിലീപും തമ്മില്‍ വസ്തു ഇടപാടുണ്ടായിരുന്നെന്നും ഇതിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ദിലീപുമായി യാതൊരു വിധത്തിലുള്ള വസ്തു ഇടപാടും തനിക്കില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. ഇത് പൂര്‍ണമായും ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് പീപ്പിള്‍ ടി വി പുറത്തുവിടുന്നത്. ദിലീപിന്റെ വസ്തു ഇടപാടുകളുടെ പൂര്‍ണ റിപ്പോര്‍ട്ടില്‍ ആക്രമണത്തിനിരയായ നടിയുമായി ബന്ധമുള്ളത് ഒരിടത്തും കാണിച്ചിട്ടില്ല.

നടിയും ദിലീപും തമ്മില്‍ ഒരു വസ്തു ഇടപാടും ഇക്കാലയളവില്‍ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രജിസ്ട്രാര്‍ ജനറല്‍ അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആക്രമിക്കപ്പെട്ട നടിയുമായി ഭൂമി ഇടപാടുകള്‍ ഒന്നും തന്നെ ദിലീപിന് ഇല്ല എന്ന് രേഖകള്‍ വ്യക്തമാക്കുമ്പോള്‍ ആക്രമണം പൂര്‍ണമായും വ്യക്തിവൈര്യാഗ്യം മൂലമായിരുന്നെന്ന വിലയിരുത്തലിലാണ് ആന്വേഷണ സംഘം എത്തിയിരിക്കുന്നത്.
അതേസമയം ദിലീപിന്റെ സ്വത്ത് വിവരങ്ങള്‍ ആരേയും ഞെട്ടിക്കുന്നതാണ്. കേരളത്തിലെ ആറ് ജില്ലകളിലായി കോടികണക്കിന് രൂപയുടെ വസ്തുകള്‍ ആണ് ദിലീപിന്റെയും ബന്ധുകളുടെയും പേരില്‍ ഉളളത്. രേഖകള്‍ പരിശോധിച്ചാല്‍ താരരാജാവ് ഒരു ചെറിയമാനായിരുന്നില്ലെന്ന് വ്യക്തമാകും.

2003ന് ശേഷമാണ് ദിലീപ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൈവെക്കുന്നത്. 27,93,34,280 കോടി രൂപ ഇടപാട് ആണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ദിലീപ് നടന്നത്. വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ ഇടപാടുകള്‍ ആണ് പലസ്ഥലത്തും നടന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം വില്ലേജിലാണ് ദിലീപിന്റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നിരിക്കുന്നത്.

2005 ല്‍ ഔസേപ്പ് എന്നയാളില്‍ നിന്ന് അഞ്ച് ഏക്കര്‍ 75 സെന്റ് ഭൂമി ദിലീപ് ഒരു കോടി രൂപക്ക് വാങ്ങി. അതേ ഭൂമി 2008 ല്‍ രണ്ട് കോടി നാല്‍പത്തിഒന്‍പത് ലക്ഷം രൂപക്ക് പെഗാസ്യൂസ് റിയാലിറ്റി എന്ന കമ്പനിക്ക് വിറ്റു. ഇടുക്കി ജില്ലയിലെ അറക്കുളം സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ വെളിയാമറ്റത്ത് ആണ് തൊട്ട് പിന്നിലത്തെ വലിയ ഇടപാട് നടന്നിരിക്കുന്നത്. മൂന്ന് ഏക്കര്‍ എണ്‍പത്തി ഒന്ന് സെന്റ് സ്ഥലം 69,32000 രൂപക്ക് ദിലീപ് ജേക്കബ് സെബാസ്റ്റ്യന്‍ എന്നയാളില്‍ നിന്ന് വാങ്ങി.

എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ഭൂമി ദിലീപ് വാങ്ങി കൂട്ടിയത്. 2003 ന് ശേഷം മുപ്പത്തി ഏഴ് വസ്തുകള്‍ വാങ്ങുകയും വില്‍കുകയും ചെയ്തു. എറണാകുളം നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ അടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഒന്‍പത് വസ്തുകള്‍ താരമായ ദിലീപിന്റെ പേരില്‍ തന്നെയാണ് ഉളളത്. മൂന്ന് സ്ഥലങ്ങള്‍ ദിലീപ് പാര്‍ട്ടണര്‍ഷിപ്പില്‍ വാങ്ങി.

മുന്‍പ് ആദായ വിലക്ക് വാങ്ങിയ പത്ത് സ്ഥലങ്ങള്‍ വാങ്ങിയതിന്റെ ഇരട്ടിയിലധികം വിലക്ക് വിറ്റു. സ്ഥലത്തിന് തീ വിലയുളള മരട് പൂണിത്തുറയില്‍ മൂന്ന്‌കോടി ആറ് ലക്ഷം രൂപ വിലവരുന്ന ഒന്‍പത് സ്ഥലങ്ങളാണ് ആല്‍ക്കാദില്‍ ഹോട്ടല്‍സിന്റെ പേരില്‍ ദിലീപ് പാര്‍ട്ടണറമാരോടൊപ്പം വാങ്ങി കൂട്ടിയത്.

എറണാകുളം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം വസ്തു ഇടപാട് നടന്നിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുകള്‍ കിഴക്കെ ചാലക്കുടിയില്‍ മാത്രം ദിലീപിന്റെ പേരില്‍ ഉണ്ട്. വസ്തുകളില്‍ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ആലുവയില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ 2010 എത്ര ഭൂമി വാങ്ങി ദിലീപും കുടുംബവും വാങ്ങി എന്നതിന്റെ കണക്ക് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News