ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇന്ന് കോടതിയ്ക്കകത്തും പുറത്തും സംഭവിച്ചത്

കൊച്ചി: പതിവുപോലെ ഇന്നും ജനങ്ങളുടെ കൂക്കിവിളിക്കും പ്രതിഷേധങ്ങള്‍ക്കും നടുവിലൂടെയാണ് ദിലീപിനെ അങ്കമാലി കോടതി മുറിയില്‍ എത്തിച്ചത്. അക്ഷോഭ്യനായി കാണപ്പെട്ട ദിലീപിന്റെ മുഖത്ത് പതിവ് സന്തോഷം ഉണ്ടായിരുന്നില്ല. ദിലീപിന്റെ സഹോദരന്‍ അനൂപും കോടതി മുറിയിലുണ്ടായിരുന്നു. കൃത്യം 11 മണിക്ക് കോടതി നടപടികള്‍ തുടങ്ങി.

ദിലീപിന്റെ കേസ് വിളിച്ചയുടന്‍ തന്നെ പ്രോസിക്യൂഷന്‍ വാദം തുടങ്ങി. നടന്നത് ഗുരുതര കുറ്റമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണെന്ന് കോടതിയെ അറിയിച്ചു. കേസില്‍ നിര്‍ണ്ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. അത് എവിടെയാണെന്നതു സംബന്ധിച്ച് പ്രതിയില്‍ നിന്ന് വിവരങ്ങള്‍ തേടണം. അതിനാല്‍ ദിലീപിന്റെ പോലീസ് കസ്റ്റഡി നീട്ടി നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രോസിക്യൂഷന്‍ വാദങ്ങളെ പ്രതിഭാഗം എതിര്‍ത്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് ഒന്നാം പ്രതിയില്‍ നിന്നും കിട്ടാത്ത വിവരങ്ങള്‍ എങ്ങനെ പതിനൊന്നാം പ്രതിക്കറിയുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ ചോദിച്ചു. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ പോലീസ് മാപ്പുസാക്ഷികളെ കൂട്ടുപിടിച്ച് ദിലീപിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും രാം കുമാര്‍ കോടതിയില്‍ ആരോപിച്ചു.

ഇതിനിടെ ദിലീപിന് എന്തെങ്കിലും പരാതിയുണ്ടൊ എന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞു. തനിക്ക് പരാതിയൊന്നുമില്ലെന്ന് ദിലീപ് മറുപടി നല്‍കി. ഇരു വാദങ്ങളും കേട്ട കോടതി ദിലീപിനെ നാളെ വൈകീട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഉത്തരവിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേയ്ക്ക് മാറ്റി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ തിരികെ വാഹനത്തില്‍ കയറ്റുമ്പോഴും ജനം കൂക്കി വിളിക്കുന്നുണ്ടായിരുന്നു. കോടതിയില്‍ നിന്നിറക്കിയ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here