പാണ്ഡ്യയുടെ റണ്ണൗട്ടിനു പിന്നിലെന്ത്; ഒടുവില്‍ ജഡേജ തുറന്നടിച്ചു

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ റണ്ണൗട്ടിന് കാരണക്കാരനായ രവീന്ദ്ര ജഡേജ ഒടുവില്‍ ഇക്കാര്യത്തെ കുറിച്ചുളള മൗനം വെടിഞ്ഞു. തനിക്ക് നേരെ ഉയര്‍ന്നുവന്ന രോഷ പ്രകടനത്തിനിതിരെ രൂക്ഷമായാണ് ജഡേജ പ്രതികരിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇതെല്ലാം കളിയുടെ ഭാഗമാണെന്നാണ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കിയത്.


പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ സ്‌പോട്‌സ് കഫേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജഡേജയുടെ പ്രതികരണം. യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനപ്പൂര്‍വ്വം റണ്ണൗട്ടാക്കിയതല്ലെന്നും ക്രിക്കറ്റില്‍ ഇതെല്ലാം സര്‍വ്വ സാധാരണമാണെന്നും ജഡേജ വ്യക്തമാക്കി.


വിമര്‍ശകര്‍ക്ക് വേണ്ടി കളിക്കാനാകില്ലെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും ജഡേജ തുറന്നടിച്ചു. സഹീര്‍ ഖാന്‍ ബൗളിംഗ് കോച്ചാകുന്നതിനെ താരം സ്വാഗതം ചെയ്തു. വിദേശ പര്യടനത്തില്‍ സഹീറിന്റെ സാന്നിധ്യം വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റണ്ണൗട്ടിനു ശേഷമുള്ള ഹര്‍ദിക് പാണ്ഡ്യയുടെ വിവാദപ്രതികരണത്തെക്കുറിച്ച് ജഡേജ ഒന്നും പറഞ്ഞില്ല.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്താനുമുന്നില്‍ 180 റണ്‍സിന്റെ ദയനീയ പരാജയമേറ്റുവാങ്ങിയ ഇന്ത്യ കിരീടം നഷ്ടപ്പെടുത്തുകയായിരുന്നു. പാകിസ്താന്റെ കൂറ്റന്‍ സ്‌കോറിനുമുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍പ്പന്‍ വെടിക്കെട്ട് കാഴ്ച്ചവെച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യ ജഡേജയുടെ അശ്രദ്ധമൂലം റണ്ണൗട്ടാകുകായായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News