മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സിബിഐ അന്വേഷണം; ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുള്ള കേസുകളുടെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടു. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. പ്രത്യോക അന്വേഷണസംഘം രൂപീകരിച്ച് ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കണമെന്നാണ് സിബിഐ ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മണിപ്പൂര്‍ പോലീസ് അസ്സം റൈഫിള്‍സ്, കരസേന ഉള്‍പ്പെടെ സുരക്ഷാ സേനകള്‍ 2000 മുതല്‍ 2012 വരെയുള്ള കാലയളവില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ 1528 കൊലപാതകങ്ങള്‍ നടത്തിയന്നെ് ആരോപിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇത്തരം കേസുകളില്‍ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമമായ അഫ്‌സ്പ ദുരുപയോഗം ചെയ്ത് കുറ്റവാളികള്‍ രക്ഷപ്പെടുന്നുവെന്നും വാദത്തിനിടെ പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

2013ല്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് സന്തോഷ് ഹെഗ്‌ഡേ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ എം ലിംഗ്‌ദോ, കര്‍ണ്ണാടക മുന്‍ പൊലീസ് മേധാവി എ കെ സിങ്ങ് എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. ആറ് ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട 12 വയസ്സുകാരന്‍ ഉല്‍പ്പെടെ ഏഴു പേര്‍ നിരപരാധികള്‍ ആണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.

അഫ്‌സഫ പ്രകാരമായാലും അമിതാധികാര പ്രയോഗം നടത്താന്‍ അധികാരമില്ലെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News