‘ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധം, തെറ്റു ചെയ്തിട്ടില്ലെന്ന് സത്യം ചെയ്തു’; അന്‍വര്‍ സാദത്തിന്റെ വിശദീകരണം

തിരുവനന്തപുരം: ദിലീപുമായുള്ള ബന്ധത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും അതിന്റെ പേരിലാണ് തന്നെ വിളിച്ചതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ദിലീപ് പറഞ്ഞെന്നും അന്‍വര്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപിന് തക്കതായ ശിക്ഷ കൊടുക്കണം. ആ തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ല. ദിലീപുമായി യാതൊരു പണമിടപാടുകളും ഇല്ലെന്നും ഏത് അന്വേഷണത്തിന് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിയുമായും അവരുടെ കുംബവുമായും നല്ല വ്യക്തി ബന്ധമുണ്ട്. സംഭവത്തിന് ശേഷം നടിയുടെ സഹോദരനെ വിളിച്ചിരുന്നു. താന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ആക്രമണത്തിന് ശേഷം എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തുവെന്ന മാധ്യമങ്ങളുടെ പ്രചരണം നുണയാണെന്നും അന്‍വര്‍ വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here