നിങ്ങള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോ? സ്വയം പരിശോധിച്ചറിയാം; തിരിച്ചറിഞ്ഞാല്‍ വലിയ ആപത്ത് ഒഴിവാക്കാം

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നായിട്ടാണ് ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദത്തെ കണക്കാക്കുന്നത്. ലോകത്താകെ 16 ശതമാനത്തിലധികം സ്ത്രീകളിള്‍ സ്തനാര്‍ബുദ ബാധിതരാണെന്നാണ് കണക്കുകള്‍ പറയുന്നത്. പോഷകാഹാര കുറവ്, വ്യായാമമില്ലായ്മ, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിലുള്ള അനാസ്ഥ, പാരമ്പര്യ ജീനുകള്‍, അമിത വണ്ണം എന്നിവ രോഗത്തിന്റെ വ്യാപനത്തിന് കാരണമായതായി കരുതപ്പെടുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചെറിയ ചികിത്സ കൊണ്ട് തന്നെ സ്തനാര്‍ബുദത്തെ ഇല്ലാതാക്കാനാവും. എന്നാല്‍ ചെറിയ ലക്ഷണങ്ങളെ പോലും അവഗണിക്കുന്നതാണ് സ്താര്‍ബുദം ഗുരുതരമാവാന്‍ കാരണം. സ്ത്രീകളിലെ കാന്‍സര്‍ രോഗത്തിന്റെ തുടക്കം ഒരു പരിധിവരെ അവര്‍ക്കു തന്നെ െകണ്ടുപിടിക്കാന്‍ കഴിയുന്നതാണ്.

  • സ്വയം പരിശോധിക്കാം

ഒരു കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്ത്രീകള്‍ക്ക് സ്തന പരിശോധന നടത്താവുന്നതാണ്. ഏതെങ്കിലും ഒരു സ്തനത്തിലോ രണ്ട് സ്തനങ്ങളിലോ മുഴയോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക. കക്ഷത്തിലോ തോളെല്ലിലോ മുഴകളോ തടിപ്പോ അനുഭവപ്പെടുക, സ്തനത്തിന്റെ വലുപ്പം പെട്ടന്ന് കൂടുക ഇവയെല്ലാം അര്‍ബുദ ബാധയുടെ ലക്ഷണങ്ങളാണ്. സ്തനങ്ങളിലെ തൊലി ഉള്ളിലോട്ട് വലിഞ്ഞിരിക്കുന്നതായി തോന്നിയാലും മുലഞെട്ട് അസ്വാഭാവികമായി ഉള്ളിലേക്ക് വലിഞ്ഞിരുന്നാലും ശ്രദ്ധിക്കുക.

സ്തനത്തില്‍നിന്ന് രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വരുന്നത് അര്‍ബുദം ഗൗരവതരമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാവാം. എന്നാല്‍ നിറമില്ലാത്തതോ വെള്ള നിറമുള്ളതോ ആയ സ്രവം വരുന്നതില്‍ അസ്വാഭാവികതയില്ല. ഒരു മുലക്കണ്ണില്‍ മാത്രം ശക്തമായി ചൊറിച്ചില്‍ അനുഭവപ്പെടുകയും തൊലിയുടെ മുകള്‍ഭാഗത്ത് ചെറിയ കോശങ്ങള്‍ തരിതരിയായി പ്രത്യക്ഷപ്പെടുകയും ചെയ്താല്‍ സൂക്ഷിക്കണം. ലക്ഷണങ്ങളൊന്നും പുറമേ പ്രകടമല്ലെങ്കിലും അര്‍ബുദം കുടിയിരിക്കുന്നുണ്ടെങ്കില്‍ മറ്റേതെങ്കിലും രോഗമായും ഇത് പ്രകടമാകാം. മഞ്ഞപ്പിത്തവും തുടയെല്ലു പൊട്ടലുമെല്ലാം അര്‍ബുദ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.

  • സ്തനാര്‍ബുദം വരാനുള്ള കാരണം

ഒരു വ്യക്തിയെ സ്തനാര്‍ബുദം ബാധിക്കുന്നത് എന്ത് കാരണം കൊണ്ടാണെന്ന് കൃത്യമായിചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്നാല്‍ അര്‍ബുദം ബാധിക്കാന്‍ സാധ്യതയുള്ള ചില സാഹചര്യങ്ങള്‍ ഉണ്ട്. കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. സ്റ്റീറോയ്ഡ്‌സ് ഈസ്ട്രജന്‍ ആയി മാറാനുള്ള സാധ്യത അധികമായതിനാല്‍ അര്‍ബുദസാധ്യതയും കൂടുന്നു. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടുതലാണെങ്കില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രസവിക്കാതിരിക്കുകയോ വളരെ വൈകി പ്രസവിക്കുകയോ ചെയ്യുന്ന സ്ത്രീകളും അര്‍ബുദത്തിന്റെ പിടിയിലകപ്പെടാന്‍ സാധ്യതയേറെയാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറഞ്ഞിരിക്കുന്നതാണ് കാരണം. വീട്ടില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത തലമുറയ്ക്ക് അര്‍ബുദം വരാന്‍ സാധ്യതയുണ്ട്. വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വളരെ വൈകി ആര്‍ത്തവം നില്‍ക്കുകയും ചെയ്യുന്നവരില്‍ അത്രയും വര്‍ഷങ്ങള്‍ ഈസ്ട്രജന്റെ അളവ് കൂടുതലാണ്. ഇതും അര്‍ബുദം വരാനുള്ള ഒരു കാരണമാണ്.

ആര്‍ത്തവവിരാമത്തിനുശേഷമുള്ള അമിതവണ്ണം പ്രത്യേകം സൂക്ഷിക്കുക. കുഞ്ഞുങ്ങളെ പാലൂട്ടാതിരിക്കുന്നതും ഒരു കാരണമാണ്. റേഡിയേഷന്‍ രശ്മികള്‍ക്കു മുന്നില്‍ അധിക സമയം ചെലവഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയാകുന്ന സമയം മുതല്‍ ഇരുപതു വയസുവരെ റേഡിയേഷന്‍ ഏല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്. ജനിതകമായ തകരാറുകള്‍മൂലവും സ്തനാര്‍ബുദം ബാധിക്കാം. ബി.ആര്‍.സി.എ എന്ന ജീന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത മുപ്പതു ശതമാനം കൂടുതലാണ്.

രോഗനിര്‍ണയത്തിന് മുഖ്യമായും നാല് പരിശോധനാ രീതികളാണുള്ളത്. ഒന്നാമത്തേത് ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. സ്തനങ്ങള്‍, തോളെല്ല്, കക്ഷം, വയറ്, കരള്‍ എന്നിവയില്‍ നടത്തുന്ന പരിശോധന. ഇതില്‍ മുഴകളോ മറ്റെന്തെങ്കിലും അസ്വാഭാവിക വളര്‍ച്ചയോ ഉണ്ടോ എന്ന് ഡോക്ടര്‍ക്ക് മനസിലാകും.

സ്തനത്തിന്റെ മാത്രം എക്‌സ്‌റേ എടുത്ത് പരിശോധിക്കുന്ന രീതിയായ മാമ്മോഗ്രാം ആണ് ശാസ്ത്രീയമായ പരിശോധനാ രീതി. സ്തനത്തില്‍നിന്ന് സൂചി ഉപയോഗിച്ച് ദ്രാവകം കുത്തിയെടുത്ത് പരിശോധിക്കുന്ന രീതിയാണ് എഫ്.എന്‍.എ.സി ഈ പരിശോധനാരീതി സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ ഫലപ്രദമാകണമെന്നില്ല. സൂചിയില്‍ എടുക്കുന്ന ദ്രാവകത്തില്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പരിശോധനാഫലം തെറ്റാം. പരിശോധനാ ഫലം ഒരു കാരണവശാലുംതെറ്റാന്‍ ഇടയില്ലാത്ത പരിശോധനയാണ് ഓപ്പണ്‍ ബയോപ്‌സി. സ്തനത്തിനുള്ളില്‍നിന്ന് ഒരു കഷണം മുറിച്ചെടുത്താണ് ബയോപ്‌സി ചെയ്യുന്നത്. ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് സ്തനാര്‍ബുദം തടയുക എന്നതാണ് പ്രധാന പോംവഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News