നിങ്ങള്‍ അങ്ങനെ പ്രചരിപ്പിക്കരുത്; ദിലീപിന്റെ ചെക്ക് കേസില്‍ ആരോപണവിധേയനായ ദിനേഷ് പണിക്കര്‍ പറയുന്നു

തിരുവനന്തപുരം: കൊച്ചിയില്‍ നട ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് ജയിലിലായതോടെ പലരും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. രാജകീയസമയത്ത് ദിലീപ് ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഓരോന്നായി നിരവധിപേര്‍ വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ ദിലീപ് മുമ്പ് പ്രതിക്കൂട്ടിലാക്കിയതില്‍ ഒരാള്‍ മാത്രം ഒന്നും പറഞ്ഞില്ല.

ചെക്കുകേസില്‍ ദിലീപ് പ്രതിയാക്കിയ നിര്‍മാതാവ് ദിനേഷ് പണിക്കര്‍ ഇതുവരേയും ആരോപണങ്ങളൊന്നും ഉന്നിയിച്ചിട്ടില്ല. എന്നാല്‍ ദിനേഷ് പണിക്കര്‍ അന്ന് കിടന്ന അതേ ജയിലിലാണ് ദിലീപ് ഇപ്പോള്‍ കിടക്കുന്നതെന്നും കാലത്തിന്റെ തിരിച്ചടിയാണിതെന്നുമുള്ള പ്രചരണങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇതോടെയാണ് നിര്‍മാതാവ് പ്രതികരണവുമായി രംഗത്തെത്തിയത്.

ദിലീപിന്റെ ജയില്‍വാസം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം അനാവശ്യമായ പ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 15 വര്‍ഷം മുമ്പ് ദിലീപ് വാദിയും താന്‍ പ്രതിയുമായി ഒരു കേസ് നടന്നു എന്നുള്ളത് സത്യമാണ്. പക്ഷെ ഒരാഴ്ചയ്ക്കുള്ളില്‍ നടന്മാരുടെ സംഘടനും നിര്‍മാതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്ന് കേസ് ഒത്തു തീര്‍പ്പാക്കിയിരുന്നു.

പിന്നീട് ദിലീപുമായി നല്ല സൗഹൃദത്തിലായിരുന്നെന്നും ദിനേഷ് പണിക്കര്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ലെന്ന് പറഞ്ഞ അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും വ്യക്തമാക്കി. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം അന്ന് താന്‍ കിടന്ന ജയിലിലാണ് ദിലീപ് ഇപ്പോള്‍ കിടക്കുന്നതെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്നും ദിനേഷ് വ്യക്തമാക്കി. അന്ന് താന്‍ ജയിലില്‍ കിടന്നിട്ടില്ലെന്നും വിവരിച്ചു. ഒരു പക്ഷെ അന്ന് ജയിലില്‍ കിടക്കേണ്ടിവന്നിരുന്നെങ്കില്‍ അത് ആലുവ സബ്ജയിലിലാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാരോപിച്ചാണ് 15 വര്‍ഷം മുമ്പ് ദിലീപ് ദിനേശ് പണിക്കര്‍ക്കെതിരെ കേസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News