വെല്ലുവിളി അതിജീവിക്കാന്‍ ലാലേട്ടന്‍റെ കൈപിടിച്ച് കച്ചമുറുക്കി പൃഥിരാജ് രംഗത്ത്

തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും തിളക്കം പൃഥിരാജിനാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അത് ഉറക്കെപറയാനുള്ള ചങ്കുറപ്പും മറ്റ് നടന്മാരില്‍ നിന്നും താരത്തെ വ്യത്യസ്തമാക്കുന്നു. പലപ്പോഴും ഇത് പൃഥിക്ക് നഷ്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഒരു കാലത്ത് അഹങ്കാരിയെന്ന് ചലച്ചിത്രപ്രേമികള്‍ വിളിച്ചുപറഞ്ഞപ്പോള്‍ താര സംഘടന വിലക്കിന്റെ ചുവപ്പുകാര്‍ഡാണ് പുറത്തെടുത്തത്.

എന്നാല്‍ ഒന്നിനും മുന്നില്‍ മുട്ടുമടക്കാത്ത പൃഥി ഒറ്റയ്ക്ക് പടപൊരുതി മലയാള സിനിമയിലെ താരസിംഹാസനം പിടിച്ചെടുക്കുകയും ചെയ്തു. ഇന്നും നിലപാടില്‍ വെള്ളംചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആക്രമണത്തിനിരയായ നടിക്ക് നല്‍കിയ പിന്തുണ. മലയാള സിനിമയിലെ കിംഗ് മേക്കറായി മാറിക്കഴിഞ്ഞ ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും പൃഥി നിലപാട് മാറ്റിയില്ല. നടിയെ കൈപിടിച്ച് അഭിനയ രംഗത്തേക്ക് മടക്കികൊണ്ടുവന്നതില്‍ നിര്‍ണായകമായതും പൃഥിയുടെ പിന്തുണയായിരുന്നു.

ഇതിനിടയിലാണ് പൃഥിയുടെ ആഗസ്റ്റ് സിനിമാസും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആഗസ്റ്റ് സിനിമാസിനൊപ്പമുള്ള പങ്കാളിത്തം അവസാനിക്കുന്നതായി താരം പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചിരുന്നു. പിന്നാലെ നിരവധി കഥകളും പ്രചരിച്ചു. എന്നാല്‍ അങ്ങാടിയില്‍ കേട്ടതൊന്നുമല്ല സത്യമെന്നാണ് വ്യക്തമാകുന്നത്.

സംവിധായകന്‍ എന്ന നിലയില്‍ കയ്യൊപ്പുപതിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍മ്മാണ കമ്പനിക്ക് തല്‍ക്കാലം വിരമമിട്ടതെന്നാണ് സൂചന. മുരളിഗോപിയുടെ രചനയില്‍ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് പൃഥി.


പുതിയ ചിത്രങ്ങള്‍ക്കൊന്നും ഇപ്പോള്‍ ഡേറ്റ് നല്‍കുന്നുമില്ല. ആദം ജോണ്‍, വിമാനം, അഞ്ജലി മേനോന്റെതടക്കം രണ്ട് ചിത്രങ്ങള്‍ എന്നവ മാത്രമാണ് നിലവിലുള്ളത്. ഇനി ഡേറ്റ് നല്‍കുന്നതൊക്കെ ലൂസിഫറിനു ശേഷമായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വര്‍ഷം ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പൃഥിയെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ വെല്ലുവിളി കൂടിയാണ് ലൂസിഫര്‍. അതുകൊണ്ട് തന്നെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി കച്ച മുറുക്കി രംഗത്തെത്തിയിരിക്കുകയാണ് മിന്നും താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News