മാലാഖമാര്‍ക്കായി വി എസ് രംഗത്ത്;നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സ്വകാര്യ മാനേജുമെന്റുകള്‍ ഉടന്‍ നടപ്പാക്കണം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍. പത്രപ്രസ്താവനയിലൂടെയാണ് ഭരണപരിഷ്‌കാര സമിതി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ സമരത്തെ എസ്മ കൊണ്ട് നേരിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍, ഇതിന് മുമ്പേ തന്നെ ഉണ്ടായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പളപരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി മാനിച്ച് ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ സ്വകാര്യആശുപത്രി മാനേജ്‌മെന്റുകളും ഉടന്‍ തയ്യാറാവണം. ആദ്യമുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാതിരുന്നതു കൊണ്ടാണ് നേഴ്‌സുമാര്‍ക്ക് സമരം ചെയ്യേണ്ടി വന്നതും, ഇപ്പോള്‍ ഹൈക്കോടതി എസ്മ പ്രയോഗിക്കണമെന്ന നിര്‍ദ്ദേശം നല്‍കാനിടയായതും.

എന്നു പറഞ്ഞാല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ശമ്പളപരിഷ്‌കരണം യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍, നേഴ്‌സുമാര്‍ സമരരംഗത്തേക്ക് വരില്ലായിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും അല്‍പ്പം പോലും വൈകാതെ, സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പളപരിഷ്‌കരണം സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് ലഭ്യമാക്കണം. അങ്ങനെ വന്നാല്‍ സമരം തന്നെ അവസാനിക്കുകയും ചെയ്യും.

അതുകൊണ്ട് ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്യത്തെ നിയമവ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ട് ഒട്ടും വൈകാതെ നേഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണത്തിന് സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറാവണം. ഇതിന് അവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശക്തമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയും വേണമെന്നും വിഎസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News