‘സ്‌നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണം’; മഞ്ജു വാര്യര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റും വിവാദങ്ങളും തുടരുമ്പോള്‍ നടി മഞ്ജു വാര്യര്‍ ദുബായിലാണ്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ റാസല്‍ഖൈമയിലേയും, അജ്മാനിലേയും ഷോറുമുകള്‍ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു എത്തിയത്.

ഉദ്ഘാടനച്ചടങ്ങുകളില്‍ മഞ്ജു, ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒന്നും നേരിട്ട് പ്രതികരിച്ചില്ല. എന്നാല്‍ തന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകരുടേയും സ്‌നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ആരാധകരോട് മഞ്ജു ആവശ്യപ്പെട്ടു. മഞ്ജുവിന്റെ ആ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് പ്രവാസി മലയാളികള്‍ സ്വീകരിച്ചത്.

നടി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടിരുന്നു. കേസിലെ ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന്റെ പിന്നാലെയാണ് മഞ്ജു ദുബായിലേക്ക് തിരിച്ചത്.

അതേസമയം, നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ നടന്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെയാണ് വീഡിയോ അടങ്ങിയ മൊബൈല്‍ ദിലീപിന് കൈമാറിയത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

നടിയെ ആക്രമിക്കുന്നതിന് ദിലീപ്, വാഗ്ദാനം ചെയ്ത പണം സുനിക്ക് നല്‍കിയില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കും. ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here