യുപിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുസ്ലീംകുടുംബത്തിന് ക്രൂരമര്‍ദ്ദനം

ദില്ലി: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ അക്രമിസംഘം പത്തംഗ മുസ്ലിംകുടുംബത്തെ തല്ലിച്ചതച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ചൊരിഞ്ഞ് ബോധംകെടുന്നതുവരെ നിഷ്ഠൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

ഇരുമ്പുദണ്ഡുകളും മുളവടിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാലുപേരുടെ എല്ലുകള്‍ ഒടിഞ്ഞു. പലരുടെയും തല പൊട്ടി. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഷിക്കോഹാബാദ്കസ്ഗഞ്ച് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍.

സംഭവത്തെക്കുറിച്ച് കുടുംബനാഥനായ മുഹമ്മദ് ഷക്കീറിന്റെ (50) വിശദീകരണം ഇങ്ങനെ; വൈകിട്ട് ആറിനാണ് ഞങ്ങള്‍ ട്രെയിനില്‍ കയറിയത്. കഷ്ടിച്ച് നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ എന്റെ ഭിന്നശേഷിക്കാരനായ മകന്റെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ ഒരു യുവാവ് പിടിച്ചുവാങ്ങി. ഇയാള്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടിയുണ്ടായിരുന്നു. ഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. സ്ത്രീകളെ അടക്കം മര്‍ദിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി. രക്ഷിക്കാന്‍ ശ്രമിച്ച സഹയാത്രികരെയും മര്‍ദിച്ചു. ഇതേതുടര്‍ന്ന് മറ്റ് യാത്രക്കാരെല്ലാം ബോഗി വിട്ടുപോയി.

ട്രെയിന്‍ നിബ്കറോറി സ്റ്റേഷന്‍ അടുക്കാറായപ്പോള്‍ അക്രമികള്‍ അപായചങ്ങല വലിച്ചുനിര്‍ത്തി. അവര്‍ മൊബൈല്‍ഫോണില്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി. മോട്ടോര്‍ ബൈക്കുകളില്‍ എത്തിയവരുടെ കൈവശം ഇരുമ്പുദണ്ഡുകളും മുളവടികളും ഉണ്ടായിരുന്നു. വാതില്‍ അകത്തുനിന്ന് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. എമര്‍ജന്‍സി ജനാലയുടെ ഗ്‌ളാസ് തകര്‍ത്ത് അക്രമികള്‍ വീണ്ടും ഉള്ളില്‍ കടന്നു. 2030 പേരടങ്ങുന്ന സംഘം കുടുംബാംഗങ്ങളെ ബോധം നശിക്കുന്നതുവരെ തല്ലിച്ചതച്ചു.’

പൊലീസിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മര്‍ദനമേറ്റവരെ ഫറൂക്കാബാദ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ ബലാത്സംഗശ്രമത്തിന് ഇരകളായായെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ആഗ്ര ഡിവിഷന്‍ പൊലീസ് മേധാവി ഒ പി സിങ് പറഞ്ഞു. ജൂണ്‍ 22ന് ഡല്‍ഹി-മധുര ട്രെയിനില്‍ ഹരിയാന സ്വദേശി ജുനൈദ്(15) വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കംമാറുംമുമ്പാണ് ഈ സംഭവം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here