‘വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാണ്’; സഹോദരനോട് പൊട്ടിത്തെറിച്ച് ദിലീപ്

കൊച്ചി: അങ്കമാലി കോടതി പരിസരത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിച്ച സഹോദരന്‍ അനൂപിനോട് പൊട്ടിത്തെറിച്ച് നടന്‍ ദിലീപ്. വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെയായിരുന്നു ദിലീപ് പൊട്ടിത്തെറിച്ചത്.

‘നിന്നോടാരാ പറഞ്ഞത് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ? അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും’. ഇങ്ങനെ പറഞ്ഞശേഷം ദിലീപ് അനൂപിനെ കടന്നുപോകുകയും ചെയ്തു.

എല്ലാവരുടെയും പണി കഴിയട്ടേ. അപ്പോള്‍ തങ്ങള്‍ തുടങ്ങുമെന്ന് കഴിഞ്ഞദിവസം അനൂപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍ പോലും ആലോചിച്ചു. ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സത്യവും ദൈവവുമുണ്ടെങ്കില്‍ സത്യം പുറത്തുവരുമെന്നു അനൂപ് പറഞ്ഞിരുന്നു. ഈ പ്രതികരണത്തോടാണ് ദിലീപ് ദേഷ്യപ്പെട്ടത്.

അതേസമയം, 2012ല്‍ മറ്റൊരു നടിയെ പള്‍സര്‍ സുനി കുടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ഇതറിഞ്ഞാണ് ദിലീപ് സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്നും ക്വട്ടേഷന് മികച്ച ടീം വേണമെന്ന് ദിലീപ് നിര്‍ദ്ദേശിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. സുനില്‍കുമാറുമായി ദിലീപ് ഇടപാടുകള്‍ നടത്തിയത് നേരിട്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here