ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ്സുയര്‍ത്തി; എത്ര ഉന്നതനായാലും കുറ്റം ചെയ്താല്‍ പിടിക്കപ്പെടും; കോടിയേരി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ  യശസ്സുയര്‍ത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതനായാലും ക്രിമിനല്‍ കുറ്റം ചെയ്താല്‍ പിടിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കരുതലോടെയായിരുന്നു. ഗൂഢാലോചനയെപ്പറ്റി പറഞ്ഞിരുന്നുവെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത്.

അതേസമയം ദിലീപിന്റെ ‘ഡി സിനിമാസ്’ സിനിമാ സമുച്ചയത്തിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. തിയേറ്റര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാനാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News