
കൊല്ലം: തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളേയും പ്രതിഷേധങ്ങളേയും പോസിറ്റീവായി കാണുകയാണെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് പറഞ്ഞു. നടന്‍ എന്ന നിലയില്‍ കലാപ്രവര്‍ത്തനവും എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ പ്രവര്‍ത്തനവും ഒരേ പോലെ മുന്നോട്ടുകൊണ്ടുപോവും. കൂടുതല്‍ സമയം മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയാണ് മാറ്റിവച്ചിട്ടുള്ളതെന്നും മുകേഷ് പറഞ്ഞു.
കൊല്ലം എംഎല്‍എ എന്ന നിലയില്‍ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീറിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാരംഗത്തു നിന്നുള്ള ചുവടുമാറ്റത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിയമസഭയില്‍ സഹപ്രവര്‍ത്തകരടക്കം പ്രോത്സാഹിപ്പിച്ചു. മന്ത്രി തോമസ് ഐസക്കാണ് ഏറെ നിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നത്.
ജനപ്രതിനിധി എന്നതിനൊപ്പം കലാരംഗത്തും പ്രവര്‍ത്തിക്കണമെന്ന് കൂടുതല്‍ പറഞ്ഞത് മുഖ്യമന്ത്രിയായിരുന്നു. മണ്ഡലത്തില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി വിദേശത്തെ താരപരിപാടികളില്‍ പങ്കെടുക്കുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് എവിടെപോയാലും നാലു ദിവസം കഴിഞ്ഞ് കൊല്ലത്ത് എത്താറുണ്ട്. ജനപ്രതിനിധി എന്ന തിരക്കുകൂടി കണക്കിലെടുത്താണ് ഇപ്പോള്‍ കലാപ്രവര്‍ത്തനവും നടത്തുന്നതെന്നും മുകേഷ് പറഞ്ഞു.
എല്‍ഡിഎഫ് കൊല്ലം മണ്ഡലം പ്രസിദ്ധീകരിച്ച ‘കര്‍മനിരതനായി ജനങ്ങള്‍ക്കൊപ്പം’ എന്ന സുവനീര്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ഗുരുദാസന്‍ സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന് നല്‍കി പ്രകാശനം ചെയ്തു. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. എം നൗഷാദ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജന്‍, വി കെ അനിരുദ്ധന്‍, എം ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here